അഭ്യസ്ത വിദ്യരും അരോഗദൃഢഗാത്രരുമായ ഒമ്പത് മാഷന്മാര്‍ക്കും സുന്ദരികളും സൗഭാഗ്യവതികളുമായ മൂന്ന് ടീച്ചര്‍മ്മാര്‍ക്കും ഒരു പണി. ഇരുപത്തിനാലു മണിക്കൂറും 'പഠിപ്പ് പഠിപ്പ്' എന്ന ഒരേയൊരു ചിന്തയുമായി നടന്നിട്ടും തന്റേതല്ലാത്ത കാരണങ്ങളാല്‍ റെഗുലര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാതെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അഭയകേന്ദ്രം.
എന്നിവ മാത്രമായിരുന്നില്ല, വിക്ടോറിയ കോളേജെന്ന ഒരു മഹാ പ്രസ്ഥാനം കോമ്പാറ കൊച്ചുണ്യേട്ടന്റെ മരുമകന്‍ വക ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഏറുമാടം പോലെ പ്രവര്‍ത്തിച്ചിരുന്നതിന്റെ മുഖ്യ ലക്ഷ്യങ്ങള്‍ എന്നതിന് അടിവരയുടുന്നതായിരുന്നു, കേരളത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തിന്റെ പ്രചരണാര്‍ത്ഥം കൊടകര നിന്ന് പീച്ചി ഡാമിലേക്ക് അന്ന് സൈക്കിള്‍ ടൂര്‍ സംഘടിപ്പിച്ച സംഭവം!
അന്ന് ഞാന്‍ ഡിഗ്രി ആദ്യവര്‍ഷം. താറാവു മുട്ട തൊണ്ടുകളഞ്ഞ പോലുള്ള കവിള്‍ തടം. കട്ട പുരികന്‍. നനുത്ത മീശ നാരുകള്‍. എന്ത് തന്നെ കഴിച്ചാലും ശരീരത്തില്‍ പിടിക്കാത്ത തരം മെല്ലിച്ച ശരീപ്രകൃതി.
സൈക്കിള്‍ ടൂര്‍ എന്ന് കേട്ടപ്പോള്‍ സൈക്കിള്‍ ചവിട്ട് അറിയുന്നവരെല്ലാം, അന്ന് തന്നെ പേര്‍ റെജിസ്റ്റര്‍ ചെയ്തെങ്കിലും, തുടര്‍ന്ന് നടന്ന രണ്ടാം വട്ട ചിന്തയില്‍ 'നട്ടപ്പറ വെയിലും കൊണ്ട് പീച്ചി വരെ പോകാന്‍ നമുക്കെന്താ പ്രാന്തോ?' 'പിന്നേയ്.. നമ്മള്‍ സൈക്കിളില്‍ പീച്ചിക്ക് പോയില്ലെങ്കില്‍ സാക്ഷരതാ യജ്ഞം കൂമ്പടഞ്ഞ് പോകും, തേങ്ങാക്കുല'‘ എന്നീ പിന്തിരിപ്പന്‍ ചിന്തകള്‍ ബലപ്പെടുകയും ഓരോരുത്തരായി,
'പറ്റിയ സൈക്കിളില്ല മാഷെ... തന്നെയുമല്ല, കാലിന്റെ ജോയിന്റില്‍ രണ്ടുസായിട്ട് ഒരു വേദന പോലെ. പിന്നെ, ഷോര്‍ട്ട്‌സില്ല, ഷൂവില്ല, ബനിയനില്ല, തൊപ്പിയില്ല' പോകുകയാണെനെങ്കില്‍ അതിന്റെ അന്തസ്സിന് പോണം. അല്ലാതെ, സ്റ്റാന്‍ലി പേപ്പര്‍ ഇടാന്‍ പോണ പോലെ പോകുന്നത് നാണക്കേടല്ലേ?' എന്നിങ്ങനെ ഓരോ കാരണം പറഞ്ഞ് സൈഡാവുകയും ചെയ്തു.
പറഞ്ഞും പിടിച്ചും അവസാനം, ടൂറിന് പോകാന്‍ ആകെ നാലും മൂന്നും ഏഴു തലേക്കല്ലന്മാരേ ഉണ്ടാകൂ എന്ന് മനസ്സിലായപ്പോഴായിരുന്നു, ജോര്‍ജ്ജ് മാഷ് ആ ഫ്ലാഷ് ന്യൂസ് പുറത്ത് വിട്ടത്.
'സെക്കന്‍ പിഡിസി യിലെ, ലളിതാംഭിക സൈക്കിള്‍ ടൂറിന് നടുക്കമ്പിയില്ലാത്ത സ്വന്തം BSA SLR സൈക്കിള്‍ ചവിട്ടി വരുന്നതായിരിക്കും!'
ലളിതാംബിക. മിസ്. വിക്റ്റോറിയ. നിലവിലെ റാങ്കിങ്ങില്‍ ഏറ്റവും ടോപ്പ്. അഞ്ചടി 2 ഇഞ്ച് ഉയരം. നല്ല വെള്ളചെമ്പകപ്പൂവിന്റെ നിറം. ചുവന്ന ചെമ്പകപ്പൂവിന്റെ ഷേയ്പ്പ്. 7 തിരിച്ചിട്ടപോലെയുള്ള കൂര്‍ത്ത മൂക്ക്. ചെമ്പന്‍ മുടി. ഇറുകിയ ഡ്രസുകളിടുമ്പോള്‍ പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞ പോലെയുള്ള അംഗലാവണ്യം.
ലളിതാംബികയുടെ കൂടെ സൈക്കിളും ചവിട്ടി വര്‍ത്താനോം പറഞ്ഞ് പീച്ചി വരെ..!! ഹോ! ആത്മസായൂജ്യത്തിന് ഇതില്‍ പരം എന്ത് വേണം??
ന്യൂസ് കേട്ട് ദീപം ചായ കുടിച്ച ആമയെപ്പോലെ ആണ്‍പട
മൊത്തം ആക്റ്റീവാകുകയും, 'ടൂറിന്‌പോകേണ്ടതില്ല' എന്ന തങ്ങളുടെ മുന്‍ തീരുമാനം യുദ്ധകാലാടിസ്ഥാനത്തില്‍ പുനപരിശോധിക്കുകയും 'ജോര്‍ജ്ജ് മാഷും ചന്ദ്രശേഖരന്‍ മാഷും ഒരു കാര്യം പറഞ്ഞിട്ട് അത് കേള്‍ക്കാതിരിക്കുകയോ? ഒരിക്കലുമില്ല! കൊടകര മുതല്‍ പീച്ചി ഡാം വരെയല്ല, മലമ്പുഴ ഡാം വരെയാണെങ്കിലും പങ്കെടുക്കാനുള്ള സന്നദ്ധത ഒറ്റക്കും കൂട്ടമായും ഉണര്‍ത്തിക്കുകയും ചെയ്തു.
സംഗതി ലളിതാംബിക പോകുന്നുണ്ടെന്നറിഞ്ഞപ്പോള്‍ എനിക്കും പോയാല്‍ കൊള്ളാമെന്ന് തോന്നി. കാരണം, ഞാന്‍ അവളെ കണ്ടാല്‍ അങ്ങിനെ നോക്കാറില്ലെങ്കിലും വര്‍ത്താനത്തിന് നില്‍ക്കാറില്ലെങ്കിലും, എന്റെ മനസ്സിന്റെ 2 ജി.ബി. ഹാര്‍ഡ് ഡിസ്ക് നിറച്ചും അവളുടെ JPG, MPG ഫയലുകളേക്കൊണ്ട് നിറഞ്ഞിരുന്നു.
പക്ഷെ, യാത്രാ സാമഗ്രിഹികള്‍ എവിടെന്ന് സംഘടിപ്പിക്കും?
സൈക്കിളുണ്ട്. പക്ഷെ, തൊപ്പി... ആകെ പാടത്ത് മഴക്കാലത്ത് വളം ചിന്നാന്‍ പോകുമ്പോള്‍ വക്കുന്ന പച്ച കളറിലുള്ള പ്ലാസ്റ്റിക്ക് തൊപ്പിയേ ഉള്ളൂ. പിന്നെ, ക്യാന്‍വാസിന്റെയും ട്രൗസറിന്റെയും ഒന്നും കാര്യം ആലോചിക്കാനേ കൊള്ളില്ലായിരുന്നു. എവിടന്ന്?
പോകുന്നില്ല എന്ന് പറഞ്ഞ് ബലം പിടിച്ച് പിന്തിരിപ്പനായി നിന്ന ഞാന്‍ അവസാനം പോകാന്‍ തീരുമാനമെടുത്തതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം പള്ളന്‍ സന്തോഷിന്റെ പുഷിങ്ങിന് തന്നെയായിരുന്നു.
അങ്ങിനെ ഞാനും പീച്ചിയിലേക്ക് പോകാന്‍ മാനസികവും ശാരീരികവുമായി തീരുമാനിച്ചു.
ബ്രൂക്ക് ബോണ്ട് ചായയുടെ പഴയ ഒരു ബനിയന്‍, പ്രത്യേകം ചോദിച്ച് വാങ്ങിയ റീഗല്‍ തുള്ളിനീലത്തില്‍ മുക്കിവച്ച് അത്യാവശ്യത്തിന് വെളുപ്പിച്ചു. ഷൂവൊന്നും കിട്ടിയില്ല. പകരം പാരഗണ്‍ വച്ച് അഡ്ജസ്റ്റ് ചെയ്തു. പെട്രോള്‍ പമ്പിലെ ജോഷിയുടെ HP യുടെ ലോഗോയോടുകൂടിയ ക്യാപ്പും സംഘടിപ്പിച്ചു.
അങ്ങിനെ ഞങ്ങള്‍ പത്തുമുപ്പതെണ്ണം, അതിരപ്പിള്ളിക്ക് ടൂര്‍ വന്ന തമഴിന്മാരുടെ പോലെ വിക്റ്റോറിയയുടെ അങ്കണത്തില്‍ അണിനിരന്നപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വെളുത്ത് തുടുത്ത ഒരുത്തന്‍, സ്പോഞ്ചൊട്ടിട്ട വളഞ്ഞ ഹാന്റിലുള്ള, ഗിയര്‍ ഒക്കെയുള്ള ഒരു അത്യാധുനിക സൈക്കിളുമായി രംഗത്തിറങ്ങുന്നത്.
വിക്ടോറിയയിലെ പ്രിന്‍സിപ്പാളിന്റെ പെങ്ങളുടെ മകന്‍. സിങ്കപ്പൂരില്‍ പഠിക്കുന്ന ടോണി. അടിതൊട്ട് മുടിയോളം തനി സൈക്ക്ലിങ്ങ് താരം.
കൊടിച്ചിപ്പട്ടികളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന അല്‍സേഷന്‍ പട്ടിയെപ്പോലെ, നാടന്‍ കോഴികളുടെ ഇടയില്‍ നില്‍ക്കുന്ന വൈറ്റ്‌ലഗോണ്‍ പൂവനെപ്പോലെ.... ടോണി നിന്നു.
എല്ലാ കണ്ണുകളും ടോണിയില്‍.
സൈക്കിള്‍ ടൂറിന്റെ സകല താല്‍പര്യവും ഞങ്ങള്‍ നാടന്മാര്‍ക്ക് ആ ഒറ്റ സംഭവത്തില്‍ തീര്‍ന്നു.
സൈക്കിള്‍ ടൂര്‍ ആരംഭിച്ചു. ഒരു കൈ വിട്ട് ചവിട്ടി. രണ്ടു കൈ വിട്ട് ചവിട്ടി. കാരിയറില്‍ ഇരുന്ന് ചവിട്ടി. അങ്ങിനെ ലളിതാംബികയെ ടാര്‍ഗറ്റ് ചെയ്ത് അല്ലറ ചില്ലറ നമ്പറുകള്‍ പലരും കാണിച്ചു. സൈക്കിള്‍ കൈ വിട്ട് ചവിട്ടിയിട്ട് കനാലില്‍ പോയി വീണതിന്റെ ഓര്‍മ്മ വന്നതിനാല്‍ ഞാന്‍ ആ അഭ്യാസങ്ങള്‍ വേണ്ട എന്ന് വച്ചു. പകരം ഇടംകണ്ണിട്ട് ലളിതാംബിക, ടോണിയെ നോക്കുന്നുണ്ടോ എന്ന് ഇടക്കിടെ നോക്കി. നോക്കുന്നില്ല എന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു.
ആദ്യമാദ്യമൊക്കെ നല്ല മൂച്ചില്‍ സൈക്കിളുകള്‍ നീങ്ങി. മണ്ണുത്തി ബൈപ്പാസെത്തിയപ്പോഴേക്കും ശരീരത്തില്‍ കുണ്ടലിനി സ്ഥിതി ചെയ്യുന്ന ഏരിയായില്‍ ചെറിയ തോതില്‍ കഴപ്പും വേദനയും ആരംഭിച്ചു. നല്ല സ്മൂത്തായ സ്പോഞ്ച് കൊണ്ടുണ്ടാക്കിയ എന്റെ സൈക്കിള്‍ സീറ്റ് ഏറെക്കുറെ വെള്ളം നനഞ്ഞ് കട്ടയായിപ്പോയ സിമന്റ് ചാക്ക് പോലെയായി മാറി. ഇടതും വലതുമായുള്ള ചന്തിയുടെ പോര്‍ഷനുകള്‍ മാറി മാറി വച്ചും, സീറ്റില്‍ ഇരിക്കാതെയും ചവിട്ടി ചവിട്ടി, അങ്ങിനെ അവസാനം ഒരുകണക്കിന് പീച്ചിയിലെത്തി.
അവിടെ ഇരിക്കാന്‍ പറ്റിയ ഒരു മരത്തണലിലിരുന്ന് വീട്ടില്‍ നിന്ന് ഇലയില്‍ പൊതിഞ്ഞ് കൊണ്ടുവന്ന ചോറും അച്ചാറും മൊട്ടപൊരിച്ചതും കഴിച്ചു.
ടോണി പറഞ്ഞ സിങ്കപ്പൂര്‍ കഥകള്‍ കേട്ട് ജീപ്പില്‍ എസ്കോട്ടായി വന്ന കൂട്ടത്തിലെ പെണ്‍കുട്ടികളും ടീച്ചര്‍മ്മാരും മാഷന്മാരും ആത്മാഭിമാനമില്ലാത്ത ആണ്‍പടയും അവന്റെ ഫാനുകളായി മാറി. ലൗ ഇന്‍ സിങ്കപ്പൂരില്‍ ജയന്‍, 'ചാം ചച്ചം ചൂം ചച്ച. ചുമര് ചച്ച. ചാ..' പാടി ഡാന്‍സുകളിച്ചത് അവന്‍ താമസിക്കുന്ന ബില്‍ഡിങ്ങിന്റെ അടിയാലാണെന്ന് വരെ ആ സാമദ്രോഹി പറഞ്ഞ് വിശ്വസിപ്പിച്ചുകളഞ്ഞു. വൃത്തികെട്ടവന്‍!
അങ്ങിനെ ചോറൂണ് കഴിഞ്ഞപ്പോഴാണ് ജോര്‍ജ്ജ് മാഷ് പറയുന്നത്... ഇവിടെ വിശാലമായ ഒരു സ്വിമ്മിംഗ് പൂളുണ്ട്. നീന്തലറിയുന്നവര്‍ക്ക് കുളിക്കാം. ചാടാം. മറിയാം.
അത് കേട്ട് ഞങ്ങള്‍ ഒന്നുണര്‍ന്നു. കാരണം കൊടകരത്തോട്ടിലെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി കിട്ടിയതില്‍ ഞങ്ങള്‍ മതി മറന്നു. ടോണിയെ മലര്‍ത്തിയടിക്കാമെന്നും മോഹിച്ചു.
വിധി അവിടെയും ഞങ്ങളെ തളര്‍ത്തി.
സ്വിമ്മിങ്ങ് പൂളില്‍ ചാടണമെങ്കില്‍ മീറ്റിന് ചാടുമ്പോലെ മുകളില്‍ ഒരു ബാറില്‍ നിന്ന് ചാടണം. സംഗതി കൊള്ളാം. പക്ഷെ, അവിടെ കയറി നിന്നാല്‍ പുറമേ വണ്ടിയിലിരിക്കുന്ന പെണ്‍പിള്ളാര്‍ക്ക് ഒരു ലുക്ക് കിട്ടാന്‍ ചാന്‍സില്ലേ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി.
മുകളില്‍ നിന്ന് ചാടാന്‍ ആദ്യമായി പാന്റ് ഊരിയത് പള്ളന്‍ സന്തോഷായിരുന്നു.
പാന്റൂരി ജട്ടി മാത്രമിട്ട് നില്‍ക്കുന്ന പള്ളനെ കണ്ട് ഞാനടക്കമുള്ളവര്‍ ഊരിത്തുടങ്ങിയ പാന്റ്സുകള്‍ വീണ്ടു യഥാസ്ഥാനത്തേക്ക് വലിച്ച് കയറ്റി. കാരണം, ഷഡി മാത്രമിട്ട് അവന്റെ ആ നില്‍പ് ഒന്ന് കാണേണ്ടതായിരുന്നു. പിറകില്‍ നിന്ന് അരിപ്പക്കലവും മുന്‍പില്‍ നിന്ന് ചായപ്പീടികയിലെ തുണിയരിപ്പയും ഓര്‍മ്മ വരുത്തുന്ന നില്‍പ്പ്. അയ്യയ്യേ!! എന്തൊരു വൃത്തികെട്ട ലുക്ക്!!
എനിക്കാണെങ്കില്‍, ചെറുപ്പക്കാലം മുതലേ നമ്മള്‍ വളരുകയണ് എന്ന കാരണം പറഞ്ഞ്, നമ്മുടെ അളവിന് ഒന്നും വാങ്ങിയ ചരിത്രമില്ല. ചെരുപ്പാണെങ്കിലും ഷര്‍ട്ടാണെങ്കിലും പാന്റാണെങ്കിലും ഒരു അളവ് കൂടുതലേ വാങ്ങി ശീലമുള്ളൂ! ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ? ജട്ടിയുടെ കാര്യത്തിലും ആ പതിവ് തുടര്‍ന്നു പോന്നിരുന്നു. (ഇപ്പോള്‍ അങ്ങിനയല്ല!)
നമ്മുടെ കഷ്ടകാലത്തിന് ചാടാന്‍ കുതിക്കുമ്പോഴോ, കറങ്ങുമ്പോഴോ സംഭവം താഴേക്ക് പോന്നാല്‍ എന്തായിരിക്കും അവസ്ഥ!
വേണ്ട. റിസ്കെടുക്കേണ്ട എന്റെ തീരുമാനത്തില്‍ “എന്നെ കൊന്നാലും ഞാന്‍ പൂളീലേക്കിറങ്ങില്ല” എന്ന നിലപാടിലെ ഗുണവശം കണ്ട് പലരും ഒറ്റക്കെട്ടായി ഇതേ തീരുമാനത്തോട് ചേര്‍ന്ന് നിന്നു.
ടോണീ അവിടേയും സ്കോര്‍ ചെയ്തു.
വെളുവെളുത്ത ടോണി, വയര്‍ കുറഞ്ഞ ടോണി, വി.ഐ.പി. ഫ്രഞ്ചിയുടെ പരസ്യമോഡലിനേ പോലെ മുകളിക്ക് കയറിപ്പോയപ്പോള്‍... അതുമില്ലെങ്കിലും അവനെ കാണാന്‍ ഭംഗിയുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
അങ്ങിനെ സ്വിമ്മിങ്ങ് പൂളിന്റെ ബാറില്‍ ഓളിമ്പിക്സിന് ചാടാന്‍ നില്‍ക്കുന്ന റഷ്യക്കാരന്റെ പോലെ ടോണി നിന്നു.
അവന്റെ കായിക പ്രകടനവും കൂടി കാണാന്‍ ശേഷിയില്ലാതെ ഞാന്‍ പറഞ്ഞു.
'മുത്തപ്പാ നീയിത് കാണുന്നില്ലേ?'
ബാറില്‍ നിന്ന് പിക്കപ്പ് കിട്ടാന്‍ ടോണി മൂന്ന് വട്ടം മുകളിലേക്ക് ചാടി. കറങ്ങി കറങ്ങി ചാടാന്‍ പ്ലാനിട്ട് ചാടിയ ടോണി പക്ഷെ, താഴേക്ക് പോന്നത്, ബില്‍ഡിങ്ങിനെ മുകളില്‍ നിന്ന് സിമന്റ് ചട്ടി വരുന്ന പോലെയായിരുന്നു.
പിന്നെ "പഢക്കോം" എന്നൊരു ശബ്ദത്തോടെ നെഞ്ച് തല്ലി പൂളിലെ വെള്ളത്തിലേക്കൊരു വീഴ്ചയായിരുന്നു. പാവം! 
ആ ക്രാഷ് ലാന്റിങ്ങില്‍ നെഞ്ച് കലങ്ങി പോയ, ശരീരം മൊത്തം പൂവന്‍ കോഴിയുടെ തലപ്പൂവിന്റെ നിറമായ പാവം ടോണി, പിന്നെ അന്നത്തെ ദിവസം സിങ്കപ്പൂര്‍ വിശേഷമോ മറ്റിതര വര്‍ത്താനമോ ആരോടും പറഞ്ഞില്ല. സൈക്കിളും ചവിട്ടിയില്ല. വളരെ ശാന്തനായി ജീപ്പിലിരുന്ന് നല്ല കുട്ടിയായി അടങ്ങിയൊതുങ്ങി തിരിച്ച് പോന്നു.
പീച്ചി-കൊടകര ഹൈവേയില്‍ വച്ച്, തിരിച്ച് വരുമ്പോള്‍ ലളിതാംബികയോട് പറയാന്‍ കഴിയാതെ പോയേക്കുമെന്ന് കരുതിയ കഥകളുടെ പൊതിക്കെട്ട് അഴിക്കുന്ന നേരത്ത് ഞാന്‍ മനസ്സില്‍ പറഞ്ഞു.
"എന്നാലും എന്റെ മുത്തപ്പാ ഞാന്‍ ഇത്രക്കും പ്രതീക്ഷിച്ചില്ല!"
Friday, July 13, 2007
സൈക്കിള്‍ ടൂര്‍
Posted by
Visala Manaskan
at
2:05 PM
119
comments
Subscribe to:
Posts (Atom)
