Saturday, November 18, 2006

കീരി ബാബു

കേരളത്തിലെ ശ്വാനസമൂഹം ജാതിവര്‍ണ്ണഭേദമന്യേ വലെന്റൈന്‍സ്‌ ഡേകള്‍ ആഘോഷിക്കുന്ന ഒരു കന്നിമാസത്തിലായിരുന്നു കുട്ടപ്പേട്ടന്റെ വീട്ടിലെ ജൂലി ബാബുവേട്ടനെ ഓടിച്ചിട്ട്‌ കടിച്ചത്‌.

മുന്ന് കളരിക്കാശാന്‍ ശ്രീ. കളരി ശിവരാമേട്ടന്റെ വഴിയമ്പലത്തുള്ള ഷെഡില്‍, ഓള്‍ കേരള റെജിസ്റ്റ്രേഡ്‌ കളരി പരമ്പര ദൈവങ്ങളുടെ മുന്‍പില്‍ നിവര്‍ന്ന് തൊഴുതും പുറം കഴക്കുമ്പോള്‍ തൊഴുതു നിവര്‍ന്നും ചാടി വെട്ടിയും പതിനെട്ടോളം പരമ്പരാഗത പൈറേറ്റഡ്‌ അടവുകളും അതിന്റെ കൂടെ ശിവരാമേട്ടന്‍ വികസിപ്പിച്ചെടുത്ത കോമ്പ്ലിമെറ്ററി അടവുകളും ചേര്‍ന്ന് മൊത്തം പത്തുമുപ്പത്താറെണ്ണം സ്വായത്തമാക്കിയ ഒന്നാന്തരം അഭ്യാസി. കരാട്ടേയില്‍ ബ്ലാക്ക്‌ ബെല്‍റ്റ്‌ (കരിമ്പന്‍ അടിച്ച്‌ വൈറ്റ്‌ ബെല്‍റ്റ്‌, ബ്ലാക്കായി മാറിയതാണെന്ന് ആരോപണമുണ്ട്‌), ഫിറ്റ്‌ ബോഡി, കരിവീട്ടിപോലെ ഉറച്ച കൈ കാലുകള്‍, എന്നീവയൊക്കെയുള്ള ബാബുവേട്ടനെ എങ്ങിനെ ഒരു സാദാ പട്ടി ഇങ്ങിനെ കടിച്ചുപറിച്ചെന്ന് സംഭവമറിഞ്ഞ്‌ കൊടകരക്കാര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

കടിയെന്ന് പറഞ്ഞാല്‍ വെറും കടിയാണോ? ഒന്നാം തരം ഐ.എസ്‌.ഐ.മാര്‍ക്കോടുകൂടിയ മൂന്ന് കടികള്‍. കൊടുത്ത പട്ടിക്കും കൊണ്ട ബാബുവേട്ടനും കണ്ട നാട്ടുകാര്‍ക്കും ഒരേ പോലെ സാറ്റിസ്ഫാക്ഷന്‍ കിട്ടിയ കടികള്‍.

സൈക്കോ ഫൈഫ്‌ വാച്ചുകെട്ടിയ പോലെ ഒരു കടി കൈ തണ്ടയില്‍. കണ്ടന്‍ കത്രികയില്‍ പെട്ട പോലെ വലതു കാല്‍പാദത്തിലൊന്ന്. പിന്നെ ടിയാന്റെ ശരീരത്തിലാകെക്കൂടെ മസിലില്ലാത്ത മാര്‍ദ്ദവമുള്ള മാംസമുള്ള ചന്തികളിലൊന്നില്‍ ഫാസ്റ്റ്‌ ക്ലാസ്‌ കടി വേറെയും. സുഖവഴി പെരുവഴി!

സംഭവ ദിവസം രാവിലെ ബാബുവേട്ടന്‌ പതിവുപോലെ ജോഗിങ്ങിനിറങ്ങിയതായിരുന്നു.

'വാര്‍ക്കപ്പണിക്ക്‌ പോകുന്ന നിനക്ക്‌ പുലര്‍ച്ചെ എഴുന്നേറ്റ്‌ ഓടിയിട്ട്‌ വേണോ ഡാ ദേഹമനങ്ങാന്‍?'

എന്ന പലരുടെയും ഉപദേശം ബാബുച്ചേട്ടനെ മടിയനാക്കിയില്ല. ജോലിയും എക്സസൈസും രണ്ടാണെന്നും അതുരണ്ടും കൂട്ടിക്കുഴക്കുവാന്‍ ഒരിക്കലും പാടില്ലെന്നും ബാബുവേട്ടന്‍ വിശ്വസിച്ചു, പ്രചരിപ്പിച്ചു.

സ്വതവേ, ടൌണില്‍ നിന്ന് തെക്കോട്ട്‌ ചാലക്കുടി സൈഡിലേക്ക്‌ ഓടിയിരുന്ന ഇദ്ദേഹം അന്നൊരു ദിവസം ഒരു ചേയ്ഞ്ചിന്‌ വേണ്ടിയായിരുന്നത്രേ വടക്കോട്ട്‌ തൃശ്ശൂര്‍ സൈഡിലേക്ക്‌ ഓടിയത്‌. പക്ഷെ, ഇത്രമാത്രം ചേയ്ഞ്ച്‌ വരുമെന്ന് ആള്‍ സ്വപനത്തില്‍ കൂടി വിചാരിച്ചില്ല.

കുട്ടപ്പേട്ടന്റെ ജൂലി വയലന്റായി ബാബുവേട്ടനെ പീഡിപ്പിക്കാനിടയാക്കിയ സാഹചര്യം വ്യക്തമായി ആര്‍ക്കുമറിയില്ല.

ജൂലി സ്വതവേ സമാധാന പ്രിയയാണ്‌. കൊടകര ചന്തയില്‍ നിന്നും, യൂണിയന്‍ കാരനായ കുട്ടപ്പേട്ടന്‍ എടുത്ത്‌ കൊണ്ടുവന്ന് ‘വെട്ടിക്കൂട്ട് കൊടുത്ത് ‘ ഓമനിച്ചു വളര്‍ത്തുന്ന ഓര്‍ഫന്‍ ആണ്‌ ജൂലി.

അനാധത്വവും ഇല്ലയ്മയും അറിഞ്ഞ്‌ വളര്‍ന്നവള്‍. സനാഥത്വത്തിന്റെ വിലയറിയുന്നവള്‍. ചന്തയിലെ കച്ചറയില്‍ നിന്നും ബുഫെ (ക:ട്‌-കുമാര്‍) കഴിച്ച്‌ ജീവിക്കുമ്പോള്‍ തനിക്ക്‌ ഹോമിലി മെസ്സ്‌ ഫുഡ്‌ കിട്ടുമെന്നോ തന്റെ കഴുത്തില്‍ ഒരു പട്ടി ബെല്‍റ്റ്‌ വീഴുമെന്നോ സ്വപനം കാണാതെ നടന്നിട്ടും അത്തരം സൌഭാഗ്യങ്ങള്‍ പ്രാര്‍ഥനകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ലഭിച്ചതെന്ന് വിശ്വസിക്കുന്നവള്‍.

വാലില്ലാത്തതുകൊണ്ട്‌, പിറകീന്ന് നോക്കിയാല്‍ ഡോബര്‍ വുമണ്‍ ഇനമാണോ എന്ന് സംശയം തോന്നുമെങ്കിലും ജൂലി നല്ല നേരും നെറിവും മാനവും ഉള്ള ഒന്താന്തരം നാടത്തിയാണ്‌.

വാലന്റൈന്‍സ്‌ ഡേക്ക്‌ പൂവുമായി കാത്ത്‌ നില്‍ക്കാമെന്ന് പറഞ്ഞ്‌ വഞ്ചിതയായതിന്റെ ഗൌര്‍വ്വോ രോഷമോ ആണോ അതോ ബാബുവേട്ടന്റെ സമയദോഷത്തിന്‌ നിമിത്തമായതോ എന്തോ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ഉണ്ടാക്കാതെ റോഡ്‌ സൈഡിലൂടെ ഓടിയ ബാബുവേട്ടനെ ജൂലി കടന്നാക്രമിക്കുകയായിരുന്നു ത്രേ.

ബാബുവേട്ടന്റെ മൊഴി പ്രകാരം. ബാബുവേട്ടന്റെ എതിര്‍ ദിശയില്‍ ഓടിവരികയായിരുന്ന ജൂലിയെകണ്ടപ്പോള്‍ 'കടിക്കാനുള്ള വരവാണെന്ന് മനസ്സിലാക്കി' അദ്ദേഹം കരാട്ടേയിലെ പെലെയായ ബ്രൂസിലിയെയും മറഡോണയായ ജാക്കിച്ചാനെയും മനസ്സില്‍ ധ്യാനിച്ച്‌ ചാന്ത്‌പൊട്ട്‌ സ്റ്റെയിലില്‍ സധൈര്യം ഗഢാംബൂച്ചിയില്‍ നിന്നു.

അടുത്തു വന്ന ജൂലിയെ 'ഹാ ഹൂ' എന്ന് ശബ്ദമുണ്ടാക്കി, കൈ കൊണ്ട്‌ വെട്ടിയപ്പോള്‍ കയ്യിലും; കാല്‌ കൊണ്ട്‌ തൊഴിച്ചപ്പോള്‍ കാലിലും കടിച്ചപ്പോള്‍ ഇനി രക്ഷയില്ലാന്ന് കരുതി "അ‌യ്യോ” ന്ന് വിളിച്ച് തിരിഞ്ഞോടിയപ്പോ ജൂലി പിന്നാലെ ഓടിവന്ന് 'ഇതും കൂടി ഇരിക്കട്ടേ' എന്ന് പറഞ്ഞ്‌ ചന്തിയിലും കടിച്ചത്രേ!!!

3000 മീറ്റര്‍ ഓടുന്ന ഓട്ടക്കാരനെ പോലെ വീട്ടില്‍ നിന്ന് ആയമ്പോലെ ഓടിപോയ ബാബുവേട്ടന്‍ 100 മീറ്ററോടുന്നവരെ പോലെയായിരുന്നു വീട്ടിലേക്ക്‌ തിരിച്ചോടിയത്‌.

ഹവ്വെവര്‍, റിയര്‍ മിററിന്റെ ആകൃതിയിലുള്ള തിരുനെറ്റിയില്‍ സദാ ഗോപിക്കുറിയും അതിന്‌ നടുവിലായി ഒരു ചുവന്ന പൊട്ടും തൊട്ട്‌, ഫോറിന്‍ പുള്ളിമുണ്ടും ചുറ്റി, മൂലോട്‌ കമഴ്ത്തി വച്ചപോലെ കൂരച്ച നെഞ്ചില്‍ ബോണ്ട തിന്നാല്‍ പോട്ടിപ്പോകുന്നത്ര നാര്‌ കനത്തിലുള്ള സ്വര്‍ണ്ണമാല കാണും വിധം ഷര്‍ട്ടിന്റെ മുന്ന് ബട്ടന്‍സുകള്‍ തുറന്നിട്ട്‌ കൊടകര‍ ടൌണില്‍ സദാ കാണപ്പെടുന്ന കീരി ബാബുവേട്ടന്‍ പിന്നീട്‌ നാളിതുവരെ ജോഗിങ്ങിന്‌ പോയിട്ടില്ല.

Sunday, November 5, 2006

പൊരുത്തലട

കേരളത്തില്‍ അതിപ്രശസ്തമായ രണ്ടു വിക്ടോറിയ കോളേജുകളാണുള്ളത്‌.

ഒന്ന് പാലക്കാട്ടേ, ഗവണ്‍മന്റ്‌ വിക്ടോറിയ കോളേജ്‌. പിന്നെയൊന്ന് ശ്രീ. കോമ്പാറ കൊച്ചുണ്ണ്യേട്ടന്റെ മരുമോന്‍ പണിത ധനലക്ഷ്മി ബാങ്കിരിക്കുന്ന രണ്ടുനില ബില്‍ഡിങ്ങിന്റെ ഓപ്പണ്‍ ടെറസില്‍ ഓലമേഞ്ഞുണ്ടാക്കിയ വിക്ടോറിയ കോളേജ്‌, കൊടകര.

പാരലല്‍ കോളേജുകളില്‍ പഠിക്കാന്‍ പോകുന്നതും, ബീഡി തെരുപ്പ്‌ പഠിക്കാന്‍ പോകുന്നതും തമ്മില്‍ പറയത്തക്ക വ്യത്യാസമൊന്നുമില്ലെന്നും ഈ പാരലല്‍ കോളേജെന്നാല്‍ വിളയാത്ത പാഴ്വിത്തുകള്‍ അഥവാ ചെറു സ്കാപ്പുകള്‍ക്ക്‌ വേണ്ടി മുത്തന്‍ സ്കാപ്പുകളാന്‍ നടത്തപ്പെടുന്നവയാണെന്നുമൊക്കെയാണല്ലോ പരക്കേയുള്ള വിശ്വാസം.

എന്റെ കലാലയ ജീവിതം മൊത്തം വിക്റ്റോറിയയില്‍ ആയതിനാല്‍, കാക്ക; റീ സൈക്ക്ലിങ്ങ്‌ ചെയ്തുവിട്ട കുരുവില്‍ നിന്ന് മുളച്ചുവരുന്ന മുളകിന്‍ തൈയോടെന്ന കണക്കേയോരു ബഹുമാനമേ വിദ്യാഭ്യാസകാലത്ത്‌ എനിക്ക്‌ കിട്ടിയിരുന്നുള്ളൂ.

പരിചയപ്പെടുമ്പോഴോ വിശേഷങ്ങള്‍ അപ്ഡേട്‌ ചെയ്യുമ്പോഴോ, എന്ത്‌ ചെയ്യുന്നു? എന്തിന്‌ പഠിക്കുന്നു? എന്ന ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുമ്പോള്‍ കേള്‍വിക്കാരനില്‍ കയറിവരുന്ന ആ ഒരു ബഹുമാനം, എവിടെ പഠിക്കുന്നു? എന്ന ചോദ്യത്തിന്റെ ഉത്തരത്തില്‍ തകര്‍ന്നിടിഞ്ഞിരുന്നു.

'പ്രൈവറ്റായി കൊടകര തന്നെ പഠിക്കുവാണ്‌' എന്ന് പറയുന്ന എന്നെ, ബാങ്കില്‍ മുക്കുപണ്ടം പണയം വക്കാന്‍ ചെന്നവനെ ബാങ്കുജീവനക്കാര്‍ നോക്കുന്ന പോലെ നോക്കുന്നതൊഴിവാക്കാന്‍ ഒരളവുവരെ 'വിക്റ്റോറിയ കോളേജ്‌' എന്ന പേര്‍ എന്നെ സഹായിച്ചിരുന്നു.

അപ്പോള്‍ പാലക്കാടാണോ പഠിക്കണേ? എന്ന ചോദ്യം കേള്‍ക്കാത്ത പോലെ നിന്ന്, ഉത്തരം കൊടുക്കാതെ 'ബിസി' ആയി സ്പോട്ടില്‍ നിന്ന് സ്കൂട്ടാവുകയാണ്‌ പതിവ്‌.

ഇങ്ങിനെയൊക്കെയാണെങ്കിലും, പാറ്റക്കും തന്‍ പൊന്‍ കുഞ്ഞ്‌ എന്ന് പറഞ്ഞപോലെയായിരുന്നു ഞങ്ങള്‍ക്ക്‌ കൊടകര വിക്ടോറിയ കോളേജ്‌!

ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്ന പോളിസി അപ്ലൈ ചെയ്ത്‌ 'ഉള്ളത്‌ വച്ച്‌' അഡ്ജസ്റ്റ്‌ ചെയ്യുകയും പരമാവധി ആഹ്ലാദിക്കുകയും ചെയ്തുപോന്നു. 'പ്രാഡോ' യാണെന്ന് സങ്കല്‍പിച്ച്‌ ടൊയോട്ട എക്കോ' ഓടിക്കുമ്പോലെ...!

വിക്റ്റോറിയയില്‍ പഠിക്കുന്നതിന്റെ ഗുണങ്ങളെപറ്റി എണ്ണി എണ്ണി പറഞ്ഞാല്‍ അനവധിയുണ്ടെങ്കിലും പ്രധാനപ്പെട്ടവ, ഏതു ടൈമിലും കൊടകര ടൌണില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍, ലൈവായി ഓലക്കിടയിലൂടെ നോക്കിയാല്‍ കാണാം എന്നതും, താഴെ കൊച്ചുണ്ണ്യേട്ടന്‍ നടത്തുന്ന റെസ്റ്റോറന്റില്‍ നിന്ന് പന്ത്രണ്ട്‌ മണി നേരത്ത്‌ മീന്‍ വറക്കുന്നതിന്റെയും ഉള്ളി കാച്ചുന്നതിന്റെയും മറ്റു കറികളൂടെയും മസാല മണം നുകരാം എന്നതും മുറിമൂക്കുള്ള ഏത്‌ പാവത്തിനും രാജാധിരാജാനാകാം എന്നതുമൊക്കെയാണ്‌.

വിക്ടോറിയയില്‍ ക്വിസ്‌ കോമ്പറ്റീഷന്‍ നടന്നപ്പോള്‍ ആര്‍ക്കായിരുന്നു ഫസ്റ്റ്‌ കിട്ടിയത്‌?

ആര്‍ക്കാണാവോ. അതോര്‍മ്മയില്ല.

പക്ഷെ, ആര്‍ക്കായിരുന്നു സെക്കന്റ്‌??

അതെനിക്കായിരുന്നു!

അതിന്റെ ഗുട്ടന്‍സ്‌, ഞാനായിടക്ക്‌ ഗുരുവായൂര്‍ പോയപ്പോള്‍ ബസില്‍ വച്ച്‌ 2 രൂപക്ക്‌ വാങ്ങി ചുമ്മാ വായിച്ച '100 ക്വിസ്സുകള്‍' എന്ന കുട്ടി ബുക്കായിരുന്നു ക്വിസ്‌ മാസ്റ്റര്‍ ജോസ്‌ മാഷ്‌ കോമ്പറ്റീഷന്‍ പ്രിപ്പെയര്‍ ചെയ്യാന്‍ റെഫര്‍ ചെയ്ത 'ആധികാരിക ഗ്രന്ഥം' എന്നത്‌ തന്നെ.

പിന്നീടൊരിക്കല്‍ മറ്റൊരു കോമ്പറ്റീഷനും നടന്നു. 'ചെറുകഥാ മത്സരം'.

മൊത്തം പത്തോളം പേര്‍ മത്സരത്തിന്‌ റെജിസ്റ്റര്‍ ചെയ്തു. സുമതിയും രാജിയും അടക്കം. ഞാനും ചുമ്മാ പേരുകൊടുത്തു.

'ഒരാള്‍ നിങ്ങളുടെ കണ്മുന്നില്‍ വിഷം കുടിച്ച്‌ മരിക്കുന്നു' ജോര്‍ജ്ജ്‌ മാഷ്‌ ബോര്‍ഡില്‍ സംബ്ജക്റ്റ്‌ എഴുതിയിട്ടു.

അരമണിക്കൂറോളം ഞാന്‍ അതുമിതും ആലോചിച്ചിരുന്നു. യാതൊരു രൂപവും കിട്ടുന്നില്ല. എന്റെ മുന്‍പില്‍ വച്ച്‌ ആരും വിഷം കഴിച്ച്‌ മരിച്ചിട്ടുമില്ല, ചെറുതായിരിക്കുമ്പോള്‍ അമ്പുപെരുന്നാളിന്റെന്ന് ഗാനമേള കാണാന്‍ പോകണ്ടാന്ന് പറഞ്ഞതിന് പൂ ചീരയുടെ നല്ല ടേയ്സ്റ്റുള്ള കറുത്ത വിത്തുകള്‍‍ ‘ഇതു കഴിച്ച് ചാവുകയാണെങ്കില്‍ ചത്തോട്ടേ‘ എന്ന് കരുതി കഴിച്ചിട്ടുണ്ടെങ്കിലും മുതിര്‍ന്നതിന് ശേഷം എന്ത്‌ തന്നെ പ്രശന്മുണ്ടായാലും ആത്മഹത്യയെ പറ്റി ഓര്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പിന്നെ എന്തോ എഴുതും?

എന്റെ കൂട്ടുകാരോ ബന്ധുക്കളോ ഒരാള്‍ പോലും വിഷം കുടിച്ച് മരിക്കാതെ പോയതില്‍ വല്ലാത്ത സങ്കടം തോന്നി.

തൊട്ടടുത്തിരിക്കണ സുമതിയാണേ പരീക്ഷയെതുന്ന അതേ സ്പീഡില്‍ തുരുതുരാന്ന് എഴുതുന്നു. എന്നാലതൊന്നു വായിച്ചേക്കാം എന്ന് കരുതി വായിച്ചു.

ശാലിനി പാവമായിരുന്നു: ജപ്തി നോട്ടീസ്‌ കിട്ടിയ, 70% തെങ്ങുകള്‍ക്കും മണ്ഠരിയുള്ള പറമ്പോടു കൂടിയ തറവാട്ടില്‍ ഗുളിക കഴിക്കാനും പ്രാധമിക കര്‍മ്മങ്ങള്‍ക്കും മാത്രം കട്ടിലീന്ന് എണീക്കുന്ന അച്ഛന്‌ കുഷ്ടരോഗം. അമ്മക്ക്‌ ക്യാന്‍സര്‍. സഹോദരന്മാര്‍ രണ്ടുപേര്‍ മാനസിക രോഗം, അംഗവൈകല്യം എന്നിവയുടെ പിടിയില്‍.

മൂത്ത ചേച്ചി ഒളിച്ചോടിപോയി ബൂമറാങ്ങ്‌ പോലെ തിരിച്ചുവന്നു. ഒക്കത്ത്‌, ബാല ടി.ബി.യുള്ള ഒരു കൊച്ചുമായി!

അതിന്റെ ഇടയില്‍ ശാലിനി മാത്രം ഫുള്‍ ഓക്കെയായിയുണ്ട്‌. നേരെ ചൊവ്വേ കല്യാണം നടക്കേമില്ല, ഇനിയിപ്പോള്‍ പറ്റിയ ഒരുത്തന്റെ കൂടെ ഓടിപ്പോകാമെന്ന് വച്ചാല്‍ അന്നാട്ടിലുള്ള യുവാക്കളെല്ലാം ഒന്നുകില്‍ കറവക്കാര്‌. അല്ലെങ്കില്‍ തെങ്ങുകയറ്റക്കാര്‌! ക്യാ കരൂം. അങ്ങിനെയെങ്ങിനെയോ ഫൈനലി, ശാലിനി തനിക്കിനെയൊരു സെറ്റപ്പുള്ള ലൈഫ് തന്നതില്‍ പ്രതിക്ഷേധിച്ച്, അപ്പന്മാരായ എല്ലാ ദൈവങ്ങളുടെ അപ്പനും അമ്മമാരായ എല്ലാ ദൈവങ്ങളുടെ അമ്മക്കും വിളിച്ച് ആത്മഹത്യ ചെയ്യുന്നു.

ശാലിനിയുടെ ഈ കദനകഥ എഴുതുമ്പോള്‍ സുമതിയുടെ കണ്ണുകള്‍ കലങ്ങിയിരുന്നു, തുളുമ്പിയിരുന്നു. ഞാന്‍ തലയാട്ടി സുമതിയെ സമാധാനിപ്പിച്ചു. ഭരതത്തില്‍ ഉര്‍വ്വശി, മോഹന്‍ലാലിനെ 'തമ്പ്സ്‌ അപ്പ്‌' കാണിച്ച്‌ സമാധാനിപ്പിക്കുമ്പോലെ!

ഹവ്വെവര്‍, തനിയാവര്‍ത്തനവും കിരീടവും ആര്യനും രാജാവിന്റെ മകനും എല്ലാം മിക്സ്‌ ചെയ്ത്‌ ഞാന്‍ ഒരു പെരുക്കങ്ങ്ട്‌ പെരുക്കാം ന്ന് തീരുമാനിച്ചു.

'അമ്മയുടെ മകന്‍ തെറ്റുകാരനല്ലമ്മേ' എന്നുപറഞ്ഞ്‌ കുഴഞ്ഞ്‌ വീണ്‌ തലവെട്ടിച്ച്‌ മരിക്കുന്നതാണ്‌ ലാസ്റ്റ്‌ സീന്‍. പക്ഷെ, എങ്ങിനെ വിഷം കഴിപ്പിക്കും എന്ന് സംശയമായപ്പോള്‍ ജോര്‍ജ്ജ്‌ മാഷ്‌ പറഞ്ഞ തമാശ കടമെടുത്ത്‌ അവസാന സീന്‍ ഇങ്ങിനെ എഴുതി.

'ജെയില്‍ ചാടി വന്ന നരേന്ദ്രന്‌ കഴിക്കാന്‍ അമ്മ വച്ചു നീട്ടിയ ഫേവറൈറ്റ്‌ പൊരുത്തലടയില്‍, അമ്മ കാണാതെ നരേന്ദ്രന്‍ ഫുര്‍ഡാന്‍ തരികള്‍ നിറച്ച്‌ കടിച്ച്‌ മുറിച്ച്‌ തിന്നു. കൊരക്കീന്ന് ഇറങ്ങിപ്പോകാന്‍ ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു'

കുടിലില്‍ നിന്ന് കേട്ട 'എന്റെ മോനേ..' എന്ന നരന്റെ അമ്മയുടെ കരച്ചില്‍ കെട്ട്‍, പോലീസ്‌ സംഘം നരേന്ദ്രന്റെ വീട്ടിലേക്കോടിക്കയറിയപ്പോഴേക്കും പ്രതി, പ്രേതമായി മാറിയിരുന്നു എന്നും പറഞ്ഞു.

എനിവേ, ഞാന്‍ ജീ‍വിതത്തില്‍ ആദ്യമായി എഴുതിയ കഥക്ക് ഞാനിട്ട പേര്‍ വെട്ടി ജഡ്ജസ്, 'പൊരുത്തലട' എന്നിടുകയും എല്ലാവരും ‘പൊരുത്തലടേ’ എന്നു വിളിച്ച്‌ കുറേക്കാലം കളിയാക്കുകയും ചെയ്തു!