Thursday, December 21, 2006

മാണിക്യേട്ടന്റെ ദുര്‍വിധി

ശ്രീമാന്‍ തുമ്പരത്തി തങ്കപ്പേട്ടന്റെ സല്പുത്രി കുമാരി പരിമളം അടുക്കളകിണറില്‍ ചാടിയ സംഭവം കാലത്തിന്റെ കുതികുത്തിയൊഴുക്കില്‍ പെട്ട്‌ വീട്ടുകാരും മറന്നു, നാട്ടുകാരും മറന്നു, എന്തിന്‌ ചാടിയ പരിമളം പോലും മറന്നു.

പക്ഷെ, വയ്കോല്‌ മാണിക്യേട്ടന്‌ അതത്ര എളുപ്പം മറക്കാന്‍ പറ്റുന്നൊരു സംഭവമായിരുന്നില്ല!

സത്സ്വഭാവിയും ദിവസേന ജോലിക്ക് പോകുന്നവനും അവനവന്റെ വീട്ടിലിരുന്ന് കുടിച്ച്‌ അവനവന്റെ വീട്ടില്‍ തന്നെ കിടന്നുങ്ങുകയും ചെയ്തിരുന്ന നല്ല തങ്കപ്പെട്ട മനുഷ്യന്‍ ശ്രീ. തങ്കപ്പേട്ടനും ശാന്തേച്ചിക്കും മക്കള്‍ രണ്ടുപേരാണ്‌. മൂത്തത്‌ പരിമളം. പിന്നെ പത്തുവയസ്സിന്‌ താഴെ, പാത്ത അഥവാ പാര്‍ത്ഥസാരഥി.

സംഗതി പരിമളം അമ്മ ശാന്തേച്ചിയെ പോലെത്തന്നെ വാണിവിശ്വനാഥ്‌ ജീവന്‍ടോണും കൂടി കഴിച്ച പോലെയൊരു ഫിഗറായിരുന്നെങ്കില്‍തന്നെയും, സൌന്ദര്യം പാരമ്പര്യമായി കൈവന്ന ഒരു ശരാശരി കൊടകരക്കാരി തന്നെയായിരുന്നു.

എന്നിട്ടും ‍ ജില്ലയില്‍ അന്ന് കെട്ടാന്‍ മുട്ടി നില്‍ക്കുന്ന സ്വജാതിയില്‍ പെട്ട ഒരുമാതിരി ആണുങ്ങളെല്ലാം വന്ന് ശാന്തേച്ചിയുടെ കുമളിയില്‍ ജോലിയുള്ള ആങ്ങള കൊണ്ടുവന്ന സപെഷല്‍ ചായപ്പൊടിയിട്ടുണ്ടാക്കിയ പാല്‍ ചായ കുടിച്ച് കൊക്കുവടയും തിന്ന് പോയെങ്കിലും, ചൊവ്വാദോഷമെന്ന ഗുണത്തിന്റെ സഹായത്താല്‍ പരിമളത്തിന്‌ വേണ്ടി ഒരു തട്ടാനും താലിമാല പണിയേണ്ടി വന്ന സാഹചര്യം ഉരുത്തിരിഞ്ഞില്ല!

ഇരുപത്തിരണ്ടാം വയസ്സില്‍, ആലോചന തുടങ്ങിയ കാലത്ത്‌, 'ചെറുക്കന്‍ അമേരിക്കയില്‍ ജോലിക്കാരനാവണം, കട്ട മീശയും താടിയും ചുരുണ്ട മുടിയും വേണം' എന്നിങ്ങനെയൊക്കെയായിരുന്നു തങ്കപ്പേട്ടന്റെ ഡിമാന്റെങ്കില്‍, കൊല്ലങ്ങള്‍ കൊഴിയുന്തോറും സിങ്കപ്പൂര്‍, ദുബായ്‌, ഖത്തര്‍, ഉമ്മല്‍ക്വോയിന്‍, സൌദി, എന്നിങ്ങനെ താഴോട്ട്‌ പോന്ന് പോന്ന് അവസാനം ഇരുപത്തെട്ട്‌ വയസ്സായപ്പോഴേക്കും "ചേരുന്ന ജാതകമുള്ള ഒരു ആണായാല്‍ മാത്രം മതി" എന്ന നിലപാടില്‍ എത്തുകയായിരുന്നു.

പട്ടാളക്കാരന്റെ പ്രപ്പോസല്‍ നാല്‍പത്തിരണ്ടാമത്തെ ആയിരുന്നു.

നല്ല ഭര്‍ത്താക്കന്മാരെ കിട്ടാന്‍ കരയിലെ പെണ്ണുങ്ങള്‍ തിങ്കളാഴ്ചവ്രതമെടുത്തപ്പോള്‍ പാവം പരിമളം, ആഴ്ചയിലെ ഏഴുദിവസവും വ്രതമെടുത്ത് പോന്നു. വ്രതങ്ങളായ വ്രതങ്ങളെടുത്തും നേര്‍ച്ചകള്‍ നേര്‍ന്നും പട്ടാളക്കാരനുമായി കല്യാണം അങ്ങിനെ ഏറെക്കുറെ ഉറച്ചമട്ടായിരിക്കുമ്പോഴായിരുന്നു, 'പരിമളം കൊടകരയിലുള്ള ഏതോ ഒരുത്തനുമായി പ്രേമമാണെന്ന കള്ളക്കഥയുണ്ടാക്കി‌' ഒരു അനോണിമസ് കമന്റ് ചെക്കന്‍ വീട്ടുകാര്‍ക്ക്‌ കിട്ടുന്നത്‌.

അന്ന് തങ്കപ്പേട്ടന്റെ വീട്ടില്‍ ആരും കാലത്ത് കൂര്‍ക്ക ഉപ്പേരി കൂട്ടി കഞ്ഞികുടിച്ചില്ല. ഉള്ളിസാമ്പാറ് കൂട്ടി ഉച്ചക്ക് ചോറുമുണ്ടില്ല.

ഡാര്‍ജിലിങ്ങിലെ തണുപ്പുള്ള രാവുകളില്‍ പട്ടാളക്വോര്‍ട്ടേഴ്സിലെ ഇരുമ്പുകട്ടിലില്‍, ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കിയ കരിമ്പടം പുതച്ച്‌, മധുവിധു ആഘോഷത്തിന്റെ ജഞ്ഞലിപ്പ്‌ ഓര്‍ത്ത്‌ നാണം കൊണ്ട് ചുമന്ന മുഖം പൊത്തി ആരും കാണാതെ ചിരിച്ച്‌ നടന്ന ആ സാധുവിന്റെ ആ നാല്‍പത്തിരണ്ടാമത്തെ സ്വപ്നവും അങ്ങിനെ വാടിക്കരിഞ്ഞുണങ്ങിപ്പോകുമെന്ന് ഉറപ്പായി.

എതത്തര്‍ക്കത്തിന്റെ പേരില്‍ കുറെക്കാലമായി ശീതശത്രുത്വം ഉള്ള അയല്‍ക്കാരനും ബന്ധുവുമായ രാജേട്ടനാണ്‌ ഊമക്കത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തീരുമാനത്തിലെത്തുകയും‌, തങ്കപ്പേട്ടനും ശാന്തേച്ചിയും പാത്തയും രാജേട്ടനുമായി ഒരു തുറന്ന യുദ്ധത്തിന്‌ തയ്യാറെടുത്തുകൊണ്ട്‌ മുവന്തിനേരത്ത് മുറ്റത്തുനിന്ന് മൂപ്പരുടെ അപ്പന്‌ വിളിച്ചു.

"എടാ ചെറ്റേ.. എന്റെ മോള്‍ടേ കണ്ണീട് പൊടിഞ്ഞത് കണ്ണീരല്ലാടാ.., ചോരയാണെടാ. ദൈവം ചോദിക്കുമെടാ നിന്നോട് ഇതിന്. ‍നിനക്കുമുണ്ടെടാ വളര്‍ന്ന് വരുന്ന ഒരു മോള്‍. അത്‌ മറക്കണ്ടടാ'

എന്ന് പറഞ്ഞ്‌ തുടങ്ങി പരസപരം ദുഷ്ടാ, പന്നീ, പേട്ടേ, പട്ടി, ചെറ്റേ, പിത്തക്കാടി എന്നീ ചെറുതെറികള്‍ സ്റ്റാര്‍ട്ടറായി പറഞ്ഞു തുടങ്ങിയ സമയത്ത്‌,

"നിന്റെ മോള്‍ മുടക്കാച്ചരക്കായി പോയെങ്കില്‍ അതിനെ ചാലക്കുടി ചന്തയില്‍ കൊണ്ടുപോയി വില്‍ക്കെടാ.. തൊരപ്പന്‍ തങ്കപ്പാ.. അറിയാത്ത കേസിന് അയല്പക്കക്കാരെ മെക്കട്ടുകയറാന്‍‍ നില്‍ക്കാതെ"

രാജേട്ടന് പറഞ്ഞ ആ അതിക്രൂരമായ ഡയലോഗ്‌ കേട്ട്‌ ചങ്ക്‌ കലങ്ങിയ പരിമളം “എനിക്കിനി ജീവിക്കണ്ട” എന്ന് പറഞ്ഞ് അടുക്കളയോട്‌ ചേര്‍ന്നുള്ള പതിനാറു‍ കോല്‍ താഴ്ചയുള്ള കിണറ്റില്‍ ഓടിച്ചെന്ന് ചാടുകയായിരുന്നു.

സംഗതി പരിമളം കിണറ്റില്‍ പോയതോടെ വാഗ്വാദത്തിന് പെട്ടെന്ന് ഒരു ബ്രേയ്ക്ക്‌ വന്നു. കിണറ്റില്‍ വീണ ശബ്ദത്തിന്റെ എക്കോ നിലക്കും മുന്‍പേ ശാന്തേച്ചിയും തങ്കപ്പേട്ടനും ഒന്നിച്ചു നിലവിളിച്ചു.

"ഞങ്ങടെ പരിമളത്തിനെ രക്ഷിക്കൂൂൂൂൂൂൂു......................"

പെട്ടെന്നുള്ള ആ കരച്ചിലിലും ബഹളത്തിലും വൈരാഗ്യം മറന്ന രാജേട്ടന്‍, അകലെയുള്ള ബന്ധുക്കളേലും നല്ലത്‌ അടുത്തുകിടക്കുന്ന ശത്രുവാണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട്‌, വേലി ചാടിക്കടന്നോടി വരുന്നതും പിന്നെ കിണറ്റിലേക്കെടുത്ത്‌ ചാടുന്നതുമാണ്‌ പിന്നെ കണ്ടത്‌.

രാജേട്ടനും സേയ്ഫായി കിണറ്റില്‍ എത്തിയെന്ന് മനസ്സിലായ ഉടനേ, രാജേട്ടന്റെ ഭാര്യ ഒറ്റ ക്കരച്ചില്‍‌.

"എന്റെ രാജേട്ടനെ രക്ഷിക്കൂ.... രാജേട്ടന്‌ നീന്താനറിയില്ലേ..."

നീന്താനറിയാത്ത ഈ പൊട്ടന്‍ കിണറ്റില്‍ വീണ ആളേ രക്ഷിക്കാന്‍ ചാടിയതെന്തിന്‌? എന്നൊന്നും ആലോചിക്കാന്‍ പറ്റിയ സിറ്റുവേഷന്‍ അല്ലാതിരുന്നെങ്കിലും തങ്കപ്പേട്ടന്‍ ആലോചിക്കാതിരുന്നില്ല.

ഒരു കൂട്ടര്‍ പരിമളത്തിനെ രക്ഷിക്കാനും മറു കൂട്ടര്‍ രാജേട്ടനെ രക്ഷിക്കാനും പറഞ്ഞ്‌ കരഞ്ഞപ്പോള്‍ പാത്ത പുതിയ ഒരു ഐഡിയയുമായി രംഗത്ത്‌ വന്ന് ഇങ്ങിനെ വിളിച്ചു.

"ഞങ്ങടെ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ആ ഉദ്ദേഗജനകമായ സന്ദര്‍ഭത്തിലും തങ്കപ്പേട്ടന്‌ തന്റെ മോനെക്കുറിച്ച്‌ അഭിമാനം തോന്നി.

അങ്ങിനെ അവരെല്ലാവരും എല്ലാ വൈരാഗ്യവും മറന്ന് ഒന്നായി ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ ഒരുമിച്ച്‌ കരഞ്ഞു:

"ഞങ്ങടേ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"

ഈ സമയത്താണ്‌, വൈക്കോല്‍ ബിസിനസ്സ്‌ കഴിഞ്ഞ്‌ പതിവ് നൂറ്റമ്പത്‌ അടിച്ച്‌ നല്ല ജില്‍ ജില്‍ ന്നായി ഇടവഴിയിലൂടെ നമ്മുടെ വക്കോല്‍ മാണിക്ക്യേട്ടന്‍ പോകുന്നത്‌.

രക്ഷിക്കാനുള്ള കരച്ചില്‍ കേട്ട്‌, അത്യാവശ്യം കിണറുകുത്ത് വശമുള്ള, നീന്തല്‍ ജന്മസിദ്ധമായി കിട്ടിയിട്ടുള്ള മാണിക്ക്യേട്ടന്‍ അങ്ങോട്ടോടി ചെല്ലുകയും,

"ആരും ഇനി വെപ്രാളപ്പെടേണ്ട, ഞാന്‍ രണ്ടിനേയും പുഷ്പം പോലെ രക്ഷപ്പെടുത്തിക്കോളാം.. നിങ്ങള്‍ എവിടെന്നെങ്കിലും ഒരു കയറെടുക്ക്“

പക്ഷെ, പരിമളത്തിന് ഇങ്ങിനെ കിണറ്റീ ചാടാന്‍ പ്ലാനുണ്ടായിരുന്നെന്ന് യാതൊരു ക്ലൂവും മുന്‍പ് കിട്ടാതിരുന്നതുകൊണ്ട് അവരുടെ വീട്ടില്‍ കിണറ്റിലിറങ്ങാന്‍ പറ്റിയ കയറൊന്നുമില്ലായിരുന്നു.

വേയ്സ്റ്റാക്കാന്‍ അധികം സമയമില്ലാതിരുന്നതുകൊണ്ട്, മാണിക്യേട്ടന്‍ കുറച്ച്‌ റിസ്ക്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

കിണറിനികത്ത്‌ ഒരു മോണോ ബ്ലോക്ക്‌ പമ്പ്‌ കെട്ടി ഞാത്തിയിട്ടുണ്ട്‌. അതിന്റെ പൈപ്പ്‌ മുകള്‍ വരെ ഉണ്ട്‌. അതേല്‍ പിടിച്ച്‌ പമ്പ്‌ വരെ ഇറങ്ങിയാല്‍, പിന്നെ കുറച്ച്‌ ദൂരം ചാടുകയല്ലേ വേണ്ടൂ!

അങ്ങിനെ, മാണിക്കേട്ടന്‍ മുണ്ട് ചേകവന്മാരെപോലെ പിറകിലേക്ക് ചുറ്റിക്കെട്ടി, ‘മുത്തപ്പാ കാത്തോളണേ’ എന്ന് പറഞ്ഞ് കിണറ്റിന്‍ കരയില്‍ ഒന്ന് തൊട്ട് വന്ദിച്ച് താഴോട്ടിറങ്ങി.

മാണിക്യേട്ടന്‍ പൈപ്പില്‍ പിടിച്ച്‌ താഴോട്ട്‌ ഒരു സ്റ്റെപ്‌ വച്ചതേ കണ്ടുള്ളു. പിന്നെ നൂറേ നൂറില്‌ ശൂുന്ന് ഒരു പോക്കായിരുന്നു താഴോട്ട്‌.

താഴെവരെ എത്താന്‍ കാല്‍കുലേറ്റ്‌ ചെയ്ത സമയത്തിന്റെ പത്തിലൊന്ന് നേരം കൊണ്ട്‌, നാളികേരം ചിരകാന്‍ ചിരമുട്ടിയില്‍ കവച്ചിരിക്കുന്ന ആളെപ്പോലെയൊരു പൊസിഷനില്‍, കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടന്‍ കണ്ടിരിക്കണം!

മാണിക്യേട്ടനും ക്രാഷ് ലാന്റ് ചെയ്തതോടെ കിണറ്റിലെ ഗസ്റ്റുകളുടെ എണ്ണം അങ്ങിനെ മൂന്നായി.

പിന്നീട് ഏണി കെട്ടിയിറക്കി പരിമളത്തെയും രാജേട്ടനെയും കരക്ക്‌ കയറ്റി. മാണിക്യച്ചേട്ടായിയെ അതേ ഇരിപ്പില്‍ പമ്പോടു കൂടെ തന്നെ പൊക്കി എടുത്ത്‌ കരക്കെത്തിക്കുകയായിരുന്നാണ് കേള്‍വി.

പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു.

ഹവ്വെവര്‍, അന്വേഷണത്തില്‍‍ ഊമക്കത്തില്‍ പൊരുളില്ലെന്ന് മനസ്സിലാക്കിയ പട്ടാളക്കാരന്‍ തന്നെ പരിമളത്തെ കെട്ടി ഡാര്‍ജലിങ്ങിലേക്ക് കൊണ്ട് പോയി. രാജേട്ടന്റെ ആത്മാര്‍ത്ഥത ബോധ്യമായതുവഴി അയല്‍പക്കക്കാര്‍ തമ്മിലുള്ള വഴക്കും തീര്‍ന്നു. എല്ലാം എല്ലാവരും മറന്നു.

പക്ഷെ... മാണിക്ക്യേന്‍ എങ്ങിനെ മറക്കും ന്നാ??

‘ന്റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’

എന്നാണത്രേ, പുത്തുക്കാവ് താലപ്പൊലിക്ക് ആനപ്പുറത്ത് വെഞ്ചാമരം പിടിക്കാന്‍ ആദ്യമായി കയറിയ വാസുവേട്ടന്‍ പിറ്റേന്ന് നടന്നതുപോലെ നടന്നുപോയപ്പോള്‍ മാണിക്ക്യേട്ടന്‍ പറഞ്ഞത്.

118 comments:

Anonymous said...

കലക്കി, ഉഗ്രന്‍ , തകറ്ത്തു. എരമ്പി.പൊടിപൊടിച്ചു, എന്നൊക്കെ പറഞ്ഞാലും തൃപ്തിപോര..

“കാര്‍ണിവലില്‍ കറങ്ങുന്ന കുതിരപുറത്തിരിക്കുന്ന കുട്ടികളെപോലെ, പമ്പില്‍ മാണിക്യേട്ടന്‍ ഇരിക്കുന്നതാണ്‌ പിന്നെ കണ്ടത്‌. താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടനും കണ്ടിരിക്കണം!“

ഇയ്ക്ക് വയ്യ!!!!

അസ്സലായിണ്ട് മാഷെ. ഖൊഡുഗൈ!!

സങ്കുചിത മനസ്കന്‍ said...

ഇതു ഡിലിറ്റിയാല്‍ കൊടകര പമ്പിന്റെ സൈഡില് ബോംബിടും, പാറഞേക്കാം കേട്ടോ?

പാവം പരിമളം -എത്ര നിഷ്കളങ്കനായ രാജേട്ടന്‍!

ഇതു കൊടകരപുരാണത്തിനൊരു തൂവലാണ്‍! ഡിലിറ്റരുതേ....

അരവിന്ദ് :: aravind said...

ഹയ്യയ്യോ..എനിക്കു വയ്യായേ!!!
ചിരിച്ചു കണ്ണൂ നിറഞ്ഞെന്റെ വിശാല്‍‌ജീ.....
ഗംഭീരം!!!
ഉപമകളൊന്നും വേണ്ട..ആ വിവരണം മാത്രം മതി ഇപ്രാവിശ്യം ചിരിച്ചു പണ്ടാറടങ്ങാന്‍!! :-))
എന്താ എഴുത്ത്! ആ സംഭവസ്ഥലത്ത് നില്‍ക്കണ ഫീലിംഗ് ആയിപ്പോയി!

അത്യുഗ്രം!!! :-)))



ഡീലീറ്റാനോ?
വാട്ട് സ്റ്റുപ്പിഡ് ആര്‍ യൂ ടാക്കിംഗ് ? (ക.ട് : മുരളി, പടം: ദി കിംഗ്)

ബത്തു.. said...

കിടു മാഷേ കിടു..

ഇതു ഡിലീറ്റിയാല്‍ നിങ്ങളെ പൊട്ടക്കിണറ്റില്‍ തള്ളിയിടും.. ങഹാ...

Vempally|വെമ്പള്ളി said...

ആഹാ എന്താ പറയുക, ഞാന്‍ രാഷ്ട്രപതിയായെങ്കീ രാജേട്ടനൊരു ധീരതക്കുള്ള മെഡലു കൊടുത്തേനെ.

ഇനി വെട്ടാനും കുത്താനും ഡിലിറ്റാനുമൊന്നും നില്‍ക്കണ്ട അതൊക്കെ കറന്‍റു ബുക്സുകാരു ചെയ്യട്ടെ!

Vempally|വെമ്പള്ളി said...

“ഡിലീറ്റാനും” എന്നുള്ളത് “തിരുത്താനും“ എന്നു വായിക്കണമെന്നപേക്ഷ!!

അരവിശിവ. said...

അയ്യോ ഓടിവായോ...ഇങ്ങനെ ചിരിച്ചാല്‍ സഹപ്രവര്‍ത്തകരെല്ലാം കൂടി എന്നെ പ്രാന്താശുപത്രിയിലഡ്മിറ്റ് ചെയ്യും.ആരും കാണാതെ ചിരിയ്ക്കുന്നതിന്റെ ഒരു പാടേ..

ഗുരുവേ ഇതാണ് ശുദ്ധനര്‍മ്മം..ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് ടീമിന്റെ ചലച്ചിത്രം പോലെ.എഴുത്തിലെ ലാളിത്യം ഒരിയ്ക്കലും ചെടിയ്ക്കാത്തൊരോര്‍മ്മയാണ് നല്‍കുന്നത്..

കാവടിയാട്ടം സിനിമയിലെ അയല്‍‌വഴ്ക്കോര്‍മ്മ വന്നു..ജയറാം വാഴവെട്ടി കൃഷ്ണന്‍‌കുട്ടി നായരുടെ(ആണോ?ഒരു സംശയം) പുറത്തിടുന്ന കാഴ്ച്ചകൂടി ഓര്‍മ്മവന്നതോടെ എന്റെ സകല നിയന്ത്രണവും പോയി...ഓടിവായോ...

ikkaas|ഇക്കാസ് said...

മാണിക്കേട്ടന്റെ ആ ഇരുപ്പോര്‍ത്ത് ചിരിക്കാനും വയ്യാ ചിരിക്കാതിരിക്കാനും വയ്യാ എന്ന അവസ്ഥേലായി വിശാല്‍ജീ...

വക്കാരിമഷ്‌ടാ said...

കടിച്ച് പിടിച്ച് വായിച്ചെങ്കിലും മാണിക്ക്യേട്ടന്റെ ശ്‌റൂ... ന്നുള്ള പോക്ക് കണ്ടപ്പോള്‍ കണ്ട്രോള്‍ ആള്‍ട്ടോ സെന്‍ സ്വിഫ്റ്റ് ഡിലീറ്റായി കണ്ട്രോള്‍ പോയി വട്ടായി ചിരിച്ച് മറിഞ്ഞു.

ഡിലീറ്റാനോ? വാട്ട് സ്റ്റുപ്പിഡ് ആര്‍ യൂ ദ കിംഗ് ?(ക:ട് അരവിന്ദന്‍‍)

(മാണിക്ക്യവട്ടന്‍ ഒരു സെക്കന്റില്‍ മുരുകേട്ടനായോ എന്നൊരു വര്‍ണ്ണ്യാശങ്ക)

തക്കുടു said...

വിശാല്‍ജി,
കലക്കി, മാണിക്യേട്ടന്റെ നടപ്പു ഓര്‍ത്തു ചിരിച്ചു വശം കെട്ടു....

ഒരു ഡിലീറ്റും എഡിറ്റും വേണ്ടാ...അവിടെ കിടക്കട്ടെ...

ആശംസകള്‍.....

ഉമേഷ്::Umesh said...

അടിച്ചുപൊളിച്ചല്ലോ വിശാലാ...

വക്കാരിയെ ഞാനിന്നു കൊല്ലും. ഇതു വായിച്ചപ്പോള്‍ ഞാന്‍ എഴുതാ‍ന്‍ വെച്ചതു് അവന്‍ എഴുതിയിരിക്കുന്നു-നൂറേ നൂറില്‍ താഴേയ്ക്കു പോയപ്പോള്‍ കണ്ട്രോളു പോയതു മാത്രമല്ല, മാണിക്യേട്ടന്‍ മുരുകേട്ടന്‍ ആയതു പോലും.

[അല്ലാ, ഇതിനു വേര്‍ഡ് വേരി ഒന്നുമില്ലേ? ദൈവത്തിനു സ്തുതി...]

(പുസ്തകമാകുമെന്ന ടെന്‍ഷന്‍ മൂലം പേരു മാറ്റിയപ്പോള്‍ വന്ന പ്രശ്നമാവും. അരവിന്ദനും പറ്റിയിട്ടുണ്ടല്ലോ ഇതു്-സുകന്യ എന്ന ലാവണ്യട്ടീച്ചറുടെ കാര്യത്തില്‍!)

ഏറ്റവും ഇഷ്ടപ്പെട്ടതു് ആദ്യത്തെ ഖണ്ഡികയുടെ ഐറണിയാണു്. എന്തൊക്കെ വിചാരിച്ചു ഞാന്‍ മാണിക്യേട്ടനെപ്പറ്റി...

ഡിലീറ്റിയാല്‍ ശുട്ടിടുവേന്‍ എന്നു പറയാഞ്ഞതെന്തു വക്കാരീ?

ഉത്സവം : Ulsavam said...

അടിപൊളി കിണറ്റില്‍ ചാടല്‍ !
പാവം മാണിക്യേട്ടന്‍..

കരീം മാഷ്‌ said...

സോ സിമ്പിള്‍ ആന്‍ഡ് ടൂ നൈസ്‌.
നന്മയുടെ സന്ദേശമൂണ്ട്.
നന്നായിരിക്കുന്നു.

ഫാര്‍സി said...

എങ്ങനെ വിശേഷിപ്പിക്കണമെന്നറിയാതെ വിശമിക്കുകയാണു ഞാന്‍.എഴുതാന്‍ വിചാരിച്ചതൊക്കെ മുന്‍പുള്ളവര്‍ പറഞ്ഞു പോയി.എങ്കിലും ഒറ്റ വാക്കില്‍ ‘അത്യുഗ്രന്‍’...

വേണു venu said...

ആ ഉദ്ദേഗജനകമായ സന്ദര്‍ഭത്തിലും തങ്കപ്പേട്ടന്‌ തന്റെ മോനെക്കുറിച്ച്‌ അഭിമാനം തോന്നി.
ആ ബഹളത്തിനിടയ്ക്കും മോനെക്കുറിച്ചഭിമാനിക്കുന്ന പിതാവിനെ കാണിച്ചു തരുന്ന, ആ വരികള്‍ നോക്കി വീണ്ടും ചിരിച്ചു മാഷേ.

Achu.s said...

Realy realy good. Me also witnessed a similar kind of rescue operation when i was young.
ormakal unarthi....
thanks...

said...

താഴെയും മുകളിലുമുള്ള ആളുകളെ മൊത്തം നെഗറ്റീവില്‍ കാണുമ്പോലെ മാണിക്യേട്ടനും കണ്ടിരിക്കണം!

hehehe entha imagination!

തറവാടി said...

:)

Anonymous said...

പതിവു പോലെ കൊടകരേറിയന്‍ ടച്ചോടുകൂടി കലക്കി.

ഹവ്വെവര്‍, കഥയില്‍ രണ്ടിടത്ത് ഹവ്വെവര്‍ വന്നപ്പോള്‍ ഹവ്വെവര്‍ പ്രയോഗത്തിന്റെ സുഖം ഇത്തിരി കുറഞ്ഞോ എന്ന് സംശയം

സ്നേഹിതന്‍ said...

"പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു."

അടിപൊളി പ്രയോഗങ്ങള്‍.

പതിവുപോലെ ഉഗ്രന്‍ ഉപമകളും.

സിദ്ധാര്‍ത്ഥന്‍ said...

ആഹാ....

(വടിവേലു പറയുന്നതു പോലെ പറയണം)

സാക്ഷി said...

കൊടകരയുടെ ചരിത്രകാരാ,
വീണ്ടും തെളിയിച്ചിരിക്കുന്നു!!
അശോകനെ വായിച്ചതില്‍ പിന്നെ
ഞാനിത്ര ചിരിക്കുന്നത് ഇപ്പോഴാണ്.

ദേവന്‍ said...

കൊള്‍ത്തിലേക്കമ്മിണീ ചാടൊല്ല ചാടൊല്ല!
ഈ ഖൊടഖരയില്‍ കിണറ്റിനു തൊടിയും റിങും ഒന്നും ഇല്ലേ? പാവം മണിക്യേട്ടന്‍.

യാത്രാമൊഴി said...
This post has been removed by a blog administrator.
യാത്രാമൊഴി said...

രാജേട്ടനും സേയ്ഫായി കിണറ്റില്‍ എത്തിയെന്ന് മനസ്സിലായ ഉടനേ, രാജേട്ടന്റെ ഭാര്യ ഒറ്റ ക്കരച്ചില്‍‌.

"എന്റെ രാജേട്ടനെ രക്ഷിക്കൂ.... രാജേട്ടന്‌ നീന്താനറിയില്ലേ..."

ഇത് വായിച്ചപ്പോഴേക്കും അറിയാതെ ചിരിച്ചു പോയി.

ചിരിക്കും എന്ന മുന്‍‌വിധിയോടെയല്ല ഞാന്‍ വിശാലന്റെ പോസ്റ്റുകള്‍ വായിക്കാറ്. വായിച്ചു വരുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നതായാണ് എന്റെ അനുഭവം.

ചിരിമരുന്ന് വില്‍പ്പനക്കാരാ അവിടുത്തേയ്ക്ക് പ്രണാമം!

സന്തോഷ് said...

ഹ, ഹ. രസകരം!

qw_er_ty

വാവക്കാടന്‍ said...

വിശാലേട്ടാ,

“കൊല്ലങ്ങള്‍ കൊഴിയുന്തോറും സിങ്കപ്പൂര്‍, ദുബായ്‌, ഖത്തര്‍, ഉമ്മല്‍ക്വോയിന്‍, സൌദി, എന്നിങ്ങനെ താഴോട്ട്‌ പോന്ന് പോന്ന് “

ഇതില്‍ ജെബല്‍ അലി ഏതു ഭാഗത്താ ;)

ഉപമകളുടെ തമ്പുരാനേ ..സൂപ്പര്‍

ഓ.ടോ.:
ഈ പേരു തെറ്റുന്നതൊക്കെ ഓരോരുത്തരും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും..അതൊക്കെ ഈ വക്കാരിയും ഉമേഷ്ജീയും കൂടി ഓര്‍മ്മിപ്പിക്കും :)

Satheesh :: സതീഷ് said...

‘ന്റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’


ചിരിച്ച് തലകുത്തിമറിഞ്ഞൂന്ന് പറഞ്ഞാമതിയല്ലോ!

പുസ്തകമാക്കാന്‍ പോകുന്നതുകൊണ്ടാണോ, ഇപ്പോഴത്തെ കഥാപാത്രങ്ങളുടെ പേരുകള്‍ ഒറിജിനലല്ലേന്നൊരു സംശയം (പുസ്തകം ഇറങ്ങിക്കഴിയുമ്പം, കൊടകരയുടെ തസ്ലീമാ നസ്രീനാവുകാന്ന് പറഞ്ഞാല്‍ അത്ര സുഖമുണ്ടാവില്ല!).
അതുകൊണ്ടാവാം പേരു മാറിപ്പോകുന്നതും!!!! :-)
എന്താ‍യാലും നമ്മള്‍ക്കതൊരു പ്രശ്നമല്ല വിശാലാ! യേത്?

റീനി said...

വിശാല്‍ജി, നന്നായിരിക്കുന്നു. വായിക്കുവാന്‍ സുഖമുള്ള എഴുത്ത്‌, എന്ന്‌ പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. അതുകൊണ്ടല്ലേ പുസ്തകമായി ഇറക്കുന്നത്‌. അഭിനന്ദനങ്ങള്‍!

തമനു said...

"പുത്തുക്കാവ് താലപ്പൊലിക്ക് ആനപ്പുറത്ത് വെഞ്ചാമരം പിടിക്കാന്‍ ആദ്യമായി കയറിയ വാസുവേട്ടന്‍ പിറ്റേന്ന് നടന്നതുപോലെ "

അതും കലക്കി. പിറ്റേ ദിവസം മാത്രമല്ല ഒരു രണ്ട്‌ മൂന്നു ദിവസത്തേക്ക്‌ ആന അവിടെത്തന്നെ ഇരിപ്പുണ്ടെന്ന ഒരു ഫീലിംഗ്‌സ്‌ ഉണ്ടാകും.

പാവം മാണിക്കേട്ടന്‍, അങ്ങേര്‍ക്ക്‌ എന്തു ഫീലിംഗാണാവോ തോന്നിയിരിക്കുക.

കലക്കി വിശാല ഗുരോ കലക്കി

പടിപ്പുര said...

മാണിക്കേട്ടന്‍ വീണ വീഴ്ച്‌ ആലോചിച്ചപ്പോള്‍ ഞാന്‍ ഇരുന്നിടത്തുനിന്നും അറിയാതെ എണീറ്റ്‌ പോയി.
എന്റമ്മോയ്‌!

mukkuvan said...

വേയ്സ്റ്റാക്കാന്‍ അധികം സമയമില്ലാതിരുന്നതുകൊണ്ട്, മാണിക്യേട്ടന്‍ കുറച്ച്‌ റിസ്ക്‌ എടുക്കാന്‍ തന്നെ തീരുമാനിച്ചു.

ഒരു സ്നേഹമുള്ള അയല്‍ക്കാരന്റെ ഉപമ വളരെ ലളിതമായി വര്‍ണിച്ച വിശാലനു പ്രണാമം.

അഗ്രജന്‍ said...

"പരിമളത്തിനും രാജേട്ടനും അന്നു രാത്രി ഉറക്കമില്ലാതായത്‌, കണ്ടമാനം ‌ വെള്ളം കുടിക്കാകയാല്‍ പലതവണ യൂറിന്‍ പാസിങ്ങിനെണീറ്റതുകൊണ്ടായിരുന്നെങ്കില്‍.... പാവം മാണിക്കേട്ടന്‌ ഉറങ്ങാന്‍ പറ്റാതിരുന്നത്‌ അതിന് പറ്റാത്തതുമൂലമായിരുന്നു"

:))

നന്നായിരിക്കുന്നു വിശാലാ, പല ഉപമകളും രസകരമായി :)

കുറുമാന്‍ said...

വിശാലാ, പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ശുദ്ധമായ നര്‍മ്മം, അതും ഒരു കഥ പറയുന്ന ലാഘവത്തോടെ എഴുതിയിരിക്കുന്നു. ഉപകള്‍ ഒന്നിനൊന്നു നന്ന്. ഹവ്വെവര്‍ എല്ലാ കഥയിലും കാണുന്നുണ്ടല്ലോ? ഒഴിവാക്കില്ല അല്ലെ? പേറ്റന്റിനപേക്ഷിച്ചോളൂട്ടോ

ഇടിവാള്‍ said...

വിശാലാ..
കലക്കി, തകര്‍ത്തു എന്നൊന്നും പ്രത്യേകിച്ച് പറയേന്റതില്ലല്ലോ..

ഹോ, മാണിക്ക്യേട്ടന്റെ കാര്യമാലോചിച്ചപ്പോ.. ;)

കലേഷ്‌ കുമാര്‍ said...

കലക്കി ഗുരോ!
ഒന്നാം നമ്പർ സ്റ്റൈലൻ സാ‍ധനം!

ചില നേരത്ത്.. said...

വിശാല്‍ജീ
പോസ്റ്റ് നന്നായി ആസ്വദിച്ചു ,
പക്ഷേ അതേ പോലെ ബ്ലോഗിണികള്‍ ആസ്വദിച്ചോന്ന്
കമന്റില്‍ അസാ‍ന്നിദ്ധ്യം കാണുമ്പോള്‍ സംശയം തോന്നുന്നു :)

മിന്നാമിനുങ്ങ്‌ said...

കലക്കി വിശാലേട്ടാ..
"ഞങ്ങടെ പരിമളത്തിനേയും രാജേട്ടനേയും രക്ഷിക്കൂു......"എന്നതിനോടൊപ്പം “ഞങ്ങടെ മാണിക്ക്യേട്ടനേം ആരെങ്കിലും ലെച്ചിക്കൂ“
എന്നു വിളിച്ചുകൂവാന്‍ അവിടെ ആരുമുണ്ടായില്ലെ,വിശാല്‍..?

Radheyan said...

സംഭവം കൊള്ളാം പതിവ് പോലെ.

അനുബന്ധമായി ഒരു സംഭവം.മഴക്കാലത്ത് റ്റെലിഫോണ്‍ പോസ്റ്റില്‍ കയറിയ ഒരു ചങ്ങാതി തെന്നി ശുര്‍...ര്‍ര്‍ എന്ന് താഴോട്ട് പോന്നു.താഴെ പോസ്റ്റില്‍ കയറാന്‍ വട്ടം കെട്ടി വെച്ചിരിക്കുന്ന ഇരുമ്പ് ബാറിന്‍ മേലാണ് ലാന്‍ഡ് ചെയ്തത്.

ക്രിക്കറ്റ് നാട്ടില്‍ പ്രചാരമായി വരുന്ന കാലം.നാട്ടുകാര്‍ അയാള്‍ക്ക് ഒരു പേരിട്ടു.സ്റ്റിച്ച് ബോള്‍

Anonymous said...

വീയെമ്മേ,

ഈ കമന്റ് ഘോഷയാത്രയില്‍ എന്റെ കൂടി സാന്നിധ്യമില്ലെങ്കില്‍ അതെന്റെ മാത്രം നഷ്ടമാവുമെന്നറിയാവുന്നതു കൊണ്ട് ഞാനും കൂടുന്നു....കൊടകര....കൊടകരാ....ര്ര്ര്ര്ര്റൈറ്റ്....പോട്ടെ ..പോട്ടേയ്

സുഗതരാജ് പലേരി said...

ഹ..ഹ...ഹ........ നിക്ക് വയ്യായേ......!

പാവം മാണിക്യേട്ടന്‍.

പുള്ളി said...

വിശാലാ, ക്രിസ്മസ്‌ ബംബര്‍ കലക്കി. രാധേയന്റെ അനുബന്ധം കൂടിയായപ്പോള്‍ മുഴുവനുമായി :)

magnifier said...

“ഘൃണാഘൃഘണധിത്തിത്തോം......“ കെടക്കട്ടെ ഒരു മൂസിക്കന്‍ പാശ്ചാത്തലന്‍.

പിന്നെ....ഒരാഴ്ചമുന്നെവരെ കിണറ്റീച്ചാടിയ ചേച്ചി സൌഭാഗ്യവതി സൌദാമിനി ആയിരുന്നുവല്ലോ... ഇവിടെ വന്നപ്പോ സദ് കുമാരി പരിമളവും. സാരല്യാ..ആരായാലും ചാടീത് കെണറ്റീത്തന്നെയല്ലേ, എഴുതീത് വിശാലനും. പിന്നെ ആരു കൂടെച്ചാടിയലെന്ത്? ആരുടെ “ആസ്ഥാനം“ ഫൂട്‌വാല്‍‌വ് പോയ മോണോബ്ലോക്ക് പമ്പു പോലായാല്‍ എന്ത്? നമ്മക്കു ചിരിക്കാം...വിശാലമായി. വിശാലോ കുശാലമായ്. നമോവാകം. ഹാപ്പി കൃസ്മാസ്

ദില്‍ബാസുരന്‍ said...

പാവം മാണിക്യേട്ടന്‍. നെഗറ്റീവില്‍ തന്നെ കണ്ട് കാണും. പണ്ട് സ്കൂള്‍ ക്രിക്കറ്റ് ടീമിലെ സ്റ്റാര്‍ ബാറ്റ്സ്മാനായിരുന്ന കാലത്ത് പാഡിനോടൊക്കെ ‘പോ പുല്ലേ’പറഞ്ഞ് ബാറ്റ് ചെയ്യാനിറങ്ങി. മഹാപാപി ബൌളര്‍ നാലെണ്ണം ഔട്ട് സ്വിങ്ങര്‍ എറിഞ്ഞ് അഞ്ചാമത്തേത് ഇന്‍സ്വിങ്ങര്‍ എറിഞ്ഞു. ഹൌ! അന്ന് മൊത്തം 34 പൊന്നീച്ചയെ എണ്ണിയത് ഓര്‍മ്മയുണ്ട്. റിട്ടയേഡ് ഹര്‍ട്ട്!

ഓടോ: വിശാലേട്ടാ... കലക്കി (ഈ സെന്റന്‍സ് ഒരു നോട്ട്പാഡില്‍ കോപ്പി ചെയ്ത് വെച്ചിരിക്ക്യാ വേണ്ടപ്പൊ പേസ്റ്റ് ചെയ്യാന്‍. വറൈറ്റിയ്ക്കായി അഞ്ചാറെണ്ണമുണ്ട്. കസറി... അമറി.. തകര്‍ത്തു.. ഞെരിപ്പ് തുടങ്ങിയവ) :-)

Anonymous said...

എന്‍റെ വിശാലം ജീ.... എന്‍റെ ആയുസ്സ് ഒരു രണ്ടുവര്‍ഷം ചുരുങ്ങിയത് കൂടീട്ടൂണ്ടാവും... അലങ്കാരങ്ങളില്‍ ഒന്നാമന്‍ ഉപമയല്ലാന്ന് കൊടകപുരാണം വായിക്കുന്ന

ആരെങ്കിലും പറയുമോ?? ഇല്ലാന്ന എന്‍റെ വിശ്വാസം.. ഒരെതിരഭിപ്രായെങ്കിലും വേണ്ടെ??? ഇതു വായിച്ച് ഇനി ആരേലും മാണിക്ക്യേന്‍ പറഞ്ഞപോലെ

പറയുമോന്നാ ഇപ്പൊപേടി..
‘ന്‍റെ ഭാര്യ തന്നെ കിണറ്റീവീണാലും മേലാക്കം നമ്മള് കിണറ്റിലിറങ്ങണ കേസില്ല’ ;-)

Vince said...

funniest post I ever read. Thaangalude book lalettan films pooley oru mega hit aavattey ennu aasamsikkunnu.

Anonymous said...

ഹഹഹ്..ഇബ്രൂന്റെ നീരിക്ഷണം കൊള്ളാലൊ..
ശരിയാണ്..വലുതായിട്ടൊന്നും കത്തിയില്ല..

സഹൃദയന്‍ said...

99.99% കിണ്ണന്‌ വിയെം

ഇടങ്ങള്‍|idangal said...

ഹ ഹ
വിശാലേട്ടാ,

തകര്‍പ്പന്‍


(ഓ. ടോ. : ദില്‍ബൂ, സോറി, നീ പേറ്റന്റ് എടുത്തത് അറിഞ്ഞില്ല, അടുത്ത തവണ വേറെ വാക്ക് തപ്പാം)

വാവക്കാടന്‍ said...

വിശാലേട്ടന്റെ പോസ്റ്റില്‍ 50 അടിച്ചിട്ടു തന്നെ ബാക്കി കാര്യം!
50 എങ്കില്‍ 50

test said...

Jk¼ï A¯êêê. C¦iñù Eªêiï Föª OïjïdçïO Hjñ ÷dê‚ú Dûiïˆñöûê Fªñ FEï¼ñ Vøféú Dûú.

Sul | സുല്‍ said...

വിശാലാ,

കൊട് കൈ. തകര്‍ത്ത് തമ്പോറാക്ക്യേലോ.

-സുല്‍

ബിന്ദു said...

മാണിക്കേട്ടന്‍ മുരുകേട്ടന്‍ ആണെന്നു മനസ്സിലായി. :)
കൊള്ളാം കൊള്ളാം.(ഇന്നലെയൊന്നും ബ്ലോഗ് കിട്ടുന്നില്ലായിരുന്നു.)
qw_er_ty

Anonymous said...

വിശാലന്‍ ചേട്ടാ,, എങ്ങനെ ഇങ്ങനെയൊക്കെ എഴുതാന്‍ പറ്റുന്നേ.. പാത്തയുടെ കരച്ചില്‍ ..“ഞങ്ങളുടെ പരിമളത്തേയും.. രാജേട്ടനേയും ആരേലും രക്ഷിക്കൂ...”.. ഹ ഹ അതു കലക്കി. മാണിക്യന്റെ വീഴ്ചയും ഭാവവുമൊക്കെ ഓറ്ത്തിട്ടു ചിരിച്ചു മരിച്ചു!

എന്റെ ഗോഡ്ഫാദറേ.. അഭിനന്ദനങ്ങള്‍!!!

കുട്ടിച്ചാത്തന്‍ said...

വിശാലേട്ടാ അതെന്താ കുറേപ്പേര്‍ ഡിലീറ്റുന്ന കാര്യം പറഞ്ഞത്. കഥയറിയാതെ ആട്ടം കാണുന്നതു പോലെ ആയി അത്.പോസ്റ്റിയശേഷം ഇമ്മാതിരിപ്പോസ്റ്റൊക്കെ ഡിലീറ്റ് ചെയ്യാന്‍ ചിന്തിക്കുന്നതു വരെ അതുവരെ വായിക്കാത്തവരോട് ചെയ്യുന്ന ക്രിമിനല്‍ കുറ്റമാണെ....

Anonymous said...

വിശാല്‍ ജീ,
ഞാന്‍ ഈ ബ്ലോഗിംഗ്‌ എന്താണ്‌ എന്നു നോക്കാനും അവസാനം ബൂലോഗത്തില്‍ എത്തിപ്പെടാനും കാരണക്കാരില്‍ ഒരുവന്‍ താങ്കള്‍ ആണ്‌. കൊടകരപുരാണം അസ്സലായി. ചിരിച്ച്‌ ചിരിച്ച്‌ ഒരു പരുവം ആയി ചേട്ടാാാാാാ....ഒരിക്കല്‍ കൂടെ അഭിനന്ദനങ്ങള്‍.