കൊടകരക്കടുത്ത് കിടക്കുന്ന ഉളുമ്പത്തുംകുന്ന്, ഒരു ചെകുത്താന്‍കൂടിയ സ്ഥലമാണെന്നാണ് പൊതുവേ വിശ്വാസം. വിശേഷിച്ച് അപകടമുണ്ടാവാനുള്ള വളവോ ചെരിവോ ഒന്നുമില്ലാഞ്ഞിട്ടും കുന്ന് മുതല്‍ കുളത്തൂര്‍ വരെയുള്ള ഒരു കിലോമീറ്ററില്‍ ആഴ്ചയില്‍ ഒരപകടമെങ്കിലും ഉണ്ടാകുന്നതാണ് ഇങ്ങിനെയൊരു അഭിപ്രായത്തിന് കാരണം. അതുകൊണ്ട് തന്നെ, തൃശ്ശൂര്‍-ചാലക്കുടി റൂട്ടില്‍ സ്ഥിരമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ പലര്‍ക്കും ഈ ഏരിയയില്‍ എത്തുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ അനുഭവപ്പെടുന്നതായും പറയപ്പെടുന്നു.
ഇങ്ങിനെയൊക്കെയാണെങ്കിലും, ഉളുമ്പത്തുംകുന്നുകാര്‍ കൊടിയ അഭിമാനികളാണ്. ഭൂമിശാസ്ത്രപരമായി അതിഭയങ്കരമായ പ്രത്യേകതകളുള്ളസ്ഥലമാണത്രേ അവരുടേത്. ഭാരതമെന്ന് കേട്ടാലും കേരളമെന്ന് കേട്ടാലും ഇനി തൃശ്ശൂരെന്ന് കേട്ടാലുമൊന്നും പ്രത്യേകിച്ച് അഭിമാനപൂരിതരൊന്നുമാവാത്ത അവര്‍, കുന്ന് എന്ന് കേട്ടാല്‍ ചോര കുടുകുടെ തിളക്കുന്നവരാണ്. അവിടെയുള്ള ഏതെങ്കിലുമൊരുത്തന്റെ തലയില്‍ കാക്ക കൊത്തിയാല്‍ വരെ അതിനെതിരെ പ്രതികരിക്കാന്‍ എല്ലാവരുമുണ്ടാക്കും. പറ്റിയാല്‍ പന്തം കൊളുത്തി പ്രകടനവും അവര്‍ നടത്തും.
കേരളത്തിന്റെ അങ്ങേ തലക്കല്‍ നിന്ന് ഒരു കയര്‍ ഇങ്ങേത്തല വരെ വലിച്ചുപിടിച്ചാല്‍, അതിന്റെ നടു വന്ന് നില്‍ക്കുന്നത് 'ഉളുമ്പത്തുംകുന്ന് ടവര്‍' (കപ്പേള) ന്റെ മുന്നിലാവുമത്രേ...!
മുപ്പത്തഞ്ച് കൊല്ലം മുന്‍പ് അവിടെ ഒരു കിണര്‍ കുത്തിയപ്പോള്‍ കണ്ടെടുത്ത ആട്ടുകല്ല്, ടിപ്പുസുത്താന്റെയായിരുന്നുവെന്ന് അവര്‍ പ്രഖ്യാപിച്ചു. അതിന് ശേഷം, ടിപ്പുസുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന മുട്ടിപ്പലക, ബാറ്റയുടെ ചെരുപ്പ്, ആളുടെ സൈക്കിളിന് എയറടിച്ചിരുന്ന പമ്പ്, അങ്ങിനെ പലതും കിട്ടുകയുണ്ടായി. വഴക്കിന് പോകേണ്ട എന്ന് വച്ച് ആരും അത് ചോദ്യം ചെയ്തതുമില്ല., ടിപ്പുവിന്റെയോ ചേരമാന്‍ പെരുമാളിന്റെയോ ആരുടെ വേണമെങ്കിലും ആയിക്കോട്ടെ എന്ന നിലപാടില്‍ സമീപവാസികള്‍ ഉറച്ചുനിന്നു.
പത്താം ക്ലാസ്സിന് ശേഷം പഠിക്കാന്‍ പോകുന്നതിനോട് പൊതുവേ താല്‍പര്യം കുറവാണ് അവിടുത്തുകാര്‍ക്ക്. അതിന്റെ കാരണം, അവര്‍ അഭിമാനികള്‍ ആയിരുന്നു എന്നത് തന്നെ. പഠിച്ച് ജോലിക്കായി അലഞ്ഞുതിരിയാല്‍ അവര്‍ക്കിഷ്ടമല്ല. റബര്‍ കര്‍ഷകരെപ്പോലെ റബര്‍ ചെടി നട്ട്, പാല് ഇന്ന് വരും മറ്റെന്നാള്‍ വരും എന്നൊന്നും കാത്തിരിക്കാനും ക്ഷമയില്ലാത്തതുകൊണ്ട്, കൃഷിപ്പണിയില്‍ അവര്‍ക്ക് താല്പര്യം കുറവായിരുന്നു.
അങ്ങിനെ, 'അട്ടിമറി' പ്രധാന തൊഴിലായി അന്നാട്ടുകാര്‍ തിരഞ്ഞെടുത്തു.
'ഒരു മഞ്ഞ തലേക്കെട്ടും കെട്ടി, ഉളുമ്പത്തും കുന്നിലെ ഏതെങ്കിലുമൊരു കലുങ്കുമ്മേ ഇരുന്ന്‌കൊടുത്താല്‍ മാത്രം മതി..ആവശ്യക്കാര്‍ വണ്ടി വന്ന് കൊണ്ടോയിക്കോളും.... പിന്നെന്ത് വേണം??
കൂടെക്കൂടെയുണ്ടാകുന്ന അപകടങ്ങള്‍ പലപ്പോഴും അന്നാട്ടുകാര്‍ക്ക് ചാകര യായി മാറിയിട്ടുണ്ട്. അവിടെ മറിഞ്ഞ വണ്ടികളില്‍, അരി, ഗോതമ്പ്, മീന്‍, പച്ചക്കറി, വെളിച്ചെണ്ണ, ചാരായം, കള്ള്, തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കയറ്റിയവയും പെട്ടിട്ടുണ്ട്.
അപകടമുണ്ടായാല്‍ ഇത്രമാത്രം സഹകരിക്കുന്ന നാട്ടുകാരെ നമുക്ക് കണ്ടുകിട്ടാന്‍ പ്രയാസമാണ്. പുലര്‍ച്ചെ 5 മണിക്കടുത്ത് മറിഞ്ഞ ചാള (മത്തി )കയറ്റിയ 407, ഒരു മണിക്കൂര്‍ കൊണ്ട്, പൊടിപോലുമില്ലാ കണ്ടുപിടിക്കാനെന്ന് പറഞ്ഞപോലെ വൃത്തിയാക്കി വണ്ടി 'മോറി' വച്ചത് ചില്ലറ കാര്യമാണോ??
അപകടം നടന്നതറിഞ്ഞ് വന്ന പോലീസുകാര്‍ വണ്ടിക്കാരോട് ചോദിച്ചത്രേ.
'എന്താഡോ.. ലോഡ് വണ്ടിയാണെന്നല്ലേ പറഞ്ഞത് ...ഇത് കാലി വണ്ടിയാണല്ലോ? എന്ന്.
" മറിഞ്ഞപ്പോള്‍ ഫുള്‍ ലോഡുണ്ടായിരുന്നു. ആക്സിഡന്റ് നടന്ന് പതിനഞ്ച് മിനിറ്റിനുള്ളിള്‍ ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളുമൊക്കെയായി ഒരു പട വന്ന് , പറഞ്ഞനേരംകൊണ്ട് ചൂരക്കൊട്ടയിലും മാനാങ്കൊട്ടയിലും വാരിയിട്ട് കൊണ്ടോയി സാറെ" എന്ന് ഡ്രൈവര്‍
എനിവേ, അന്ന് ഉളുമ്പത്തുകുന്നുകാര്‍ വിവരമറിഞ്ഞു!
ഫ്രിഡ്ജില്ലാത്തതുകൊണ്ട്, കൂട്ടാനും ഫ്രൈക്കും പുറമേ, തോരന്‍, ഉപ്പേരി, ചില്ലി ചാള, ചാള 65, എന്നു തുടങ്ങി, ബട്ടര്‍ ചാള വരെ വച്ച് കഴിച്ചു.
ഹവ്വെവര്‍, ആനന്ദം ഒരു ദിവസത്തില്‍ കൂടുതല്‍ കിട്ടിയില്ല. ചാള നെയ്യ് അമാശയത്തിന്റെ തലക്കടിക്കുകയും ബാലസുധ കുടിച്ചവരെപ്പോലെ അന്നാട്ടുകാര്‍ രണ്ടുദിവസം 'വെരി ബിസി' ആവുകയും ചെയ്തു.
ആ സംഭവത്തിന് ശേഷം ചാള അവരാരും കഴിക്കാതെയായി. ചാള കണ്ടാല്‍ ഇപ്പോഴും ഉളുമ്പത്തുംകുന്നുകാര്‍ തെറിപറയുമത്രേ!
Saturday, October 29, 2005
ഉളുമ്പത്തും കുന്ന്
Posted by
Visala Manaskan
at
11:14 PM
19
comments
Thursday, October 20, 2005
യാചകൻ
അമ്മാ....
ആരാ ഉമ്മറത്ത്...? അകത്തുനിന്നൊരു സ്ത്രീ ശബ്ദം.
അമ്മാ...വല്ലതു തരണേ... ഞാൻ ശബ്ദം കുറച്ചുകൂടി കൂട്ടി.
വീട്ടുകാരിക്ക് എന്നെ മനസ്സിലായില്ലെങ്കിലും ഞാനേത് ടൈപ്പാണെന്ന് മനസ്സിലായി.ഒരു കുമ്പിൽ അരിയുമായി വന്നടുക്കുമ്പോൾ ആ വീട്ടിലെ കുഞ്ഞുങ്ങളുടെയും നാട്ടിലെ യാചകരുടെയും മാത്രം സ്വന്തമായ ആ അമ്മ, 'ഈ ധർമ്മക്കാരെക്കൊണ്ട് തോറ്റു, ഇന്ന് കാലത്ത് മുതലേ ജാഥയാ, വീട്ടിലൊരു പണിയും മുഴുമിപ്പിക്കാൻ സമ്മതിക്കില്ല' എന്ന് പറഞ്ഞത് എനിക്ക് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല.
അരി എന്റെ അലൂമിനീയം പാത്രത്തിലേക്ക് കിരുകിരാ ശബ്ദമുണ്ടാക്കി വീണു. ചെമ്പൻ പുഴുക്കലരി, സോർട്ടെക്സ് അല്ല. നോ പ്രോബ്ലം. ഇക്കാലത്ത് പുഴുക്കലരി ചോറുണ്ണാൻ ചില്ലറ ഭാഗ്യമൊന്നും പോരാ... ഞാൻ വായനക്കാതെ മനസ്സിൽ പറഞ്ഞോണ്ടിരുന്നു.
ഇങ്ങിനെയുള്ള ഡയലോഗുകൾ, ചില്ലറയോ അരിയോ തന്ന് പറഞ്ഞാലൊന്നും എനിക്ക് ഫീൽ ചെയ്യാറില്ല. കാരണം ഞാനൊരു സെയിൽസ്മാൻഷിപ്പുള്ള ഭിക്ഷക്കാരനാ..
ജനത്തിന് വൃത്തിയായി ഏത് ജോലി ചെയ്യുന്നവരേയും ബഹുമാനമാണെന്നല്ലേ. അപ്പോൾ വൃത്തിയായി തെണ്ടുന്നവരെേയും ഭയങ്കര ബഹുമാനം ആവണമല്ലോ.!
ഭിക്ഷ കൊടുക്കുന്നത് മഹാപുണ്യമാണെങ്കിൽ വാങ്ങുന്നതിലെന്ത് പുണ്യക്കേട്.
ഒരു വീടുകൂടെ കവർ ചെയ്ത ക്ഷീണവുമായി വീടിന്റെ ഗെയ്റ്റ് കടക്കുമ്പോൾ അതാ വൃത്തിയുള്ള ഡ്രസ്സിട്ട അഞ്ചോ ആറോ പേർ ഒന്നിച്ച് ആ വീട്ടിലേക്ക് വരുന്നു.
പിരിവുകാരാണ്. പത്ത് കിലോമീറ്റർ അകലെയുള്ള ഏതോ ഒരു സ്ഥലത്തെന്തോ നടക്കുന്നു, അതിന്റെ പിരിവ്.
നാണമില്ലാത്തവർ, പ്രത്യേകിച്ചൊരു ജോലിയും ചെയ്യാതെ, ഓരോന്നിന്റെയും പേരുപറഞ്ഞ്, വല്ലവന്റെ കാശുകോണ്ട് പുട്ടടിച്ച് നടക്കുന്നു. വൃത്തികെട്ടവന്മാർ..! ദേഷ്യമടക്കാൻ ഞാൻ വല്ലാതെ പാടുപെട്ടു.
--
ഒരു ടിപ്പ്: കുമ്പാര ഭാഷയിൽ 'ഏട് സെപ്പേ' എന്നാൽ 'ഹവ്വാർ യൂ' എന്നർത്ഥം.
Posted by
Visala Manaskan
at
3:17 AM
15
comments
Saturday, October 15, 2005
ബി.ബി.സി. ന്യസ്
എത്ര ചെറിയ ന്യൂസായാലും അത് സെന്‍ സേഷണലാക്കാനുള്ള ആ അപാര നേയ്ക്കായിരിക്കണം, പെട്ടിക്കട ഭാര്‍ഗവേട്ടനെ, ഭാര്‍ഗവേട്ടന്‍ ബ്രോഡ്-കാസ്റ്റിങ്ങ് കോര്‍പ്പറേഷര്‍ എന്നറിയപ്പെടാന്‍ കാരണം.
ചുറ്റുവട്ടത്ത് നടക്കുന്ന പ്രേമങ്ങള്‍, ഒളിച്ചോട്ടങ്ങള്‍, ഡൈവോഴ്സുകള്‍, ആത്മഹത്യകള്‍ അതിന്റെ കാരണങ്ങള്‍ തുടങ്ങി, എത്ര അത്യാവശ്യകാര്യങ്ങള്‍ക്ക് പോവുകയാണെങ്കിലും അത് മാറ്റിവച്ച് ‘കുറച്ചേരം കേട്ടിട്ട് പോകാം’ എന്നു തോന്നുന്ന വിഷയങ്ങളിള്‍ റിസെര്‍ച്ച് നടത്തിയിരുന്ന ടി ഭാര്‍ഗവേട്ടന്‍, ഇത്തരം കാര്യങ്ങളിള്‍ കാണിക്കുന്ന അര്‍പ്പണബോധവും താല്‍പര്യവും, സാക്ഷാല്‍ ബില്‍ ഗേറ്റ്-സിന് മൈക്രോസോഫ്റ്റിനോട് പോലുമുണ്ടാകുമോ എന്ന് സംശയമാണ്.
നാട്ടിലെ ബാര്‍ബര്‍മാര്‍ വരെ വിഷയദാരിദ്ര്യം നേരിടുമ്പോള്‍ ന്യൂസ് അപ്ഡേഷന് വേണ്ടി ബി.ബി.സി.യെ തേടി വരും. ഒരു ചായയും രണ്ട് പരിപ്പുവടയും കഴിച്ചാല്‍ അവര്‍ക്ക് ഒരുമാസം കസ്റ്റമേഴ്സിന്റെ ചുറ്റിനും ഓടി നടന്ന് തലമുടി വെട്ടാനുള്ള വിശേഷം കിട്ടും.
ഒരു ദിവസം ശാന്തി അങ്ങാടി ഉണര്‍ന്നത് ഒരു ഹോട്ട് ന്യൂസ് കേട്ടാണ്.
‘സ്ഥലം തടിയന്‍, ചന്ദ്രേട്ടന്‍ കൊല്ലപ്പെട്ടു!‘
" കഴുത്ത് വട്ടനെ മുറിഞ്ഞുപോയി. നാര് കനത്തില് ലേശം തോലി മാത്രമേ വിടാനുള്ളൂ... ഓ.! ഒറ്റ നോട്ടേ നോക്കാന്‍ പറ്റൂന്നാ കണ്ടോര് പറയണേ... ഇപ്പോ പോസ്റ്റ്-മോര്‍ട്ടം നടത്താന്‍ കൊണ്ടോയേക്കാണ്..."
"ആത്മഹത്യയാണെന്നും കൊന്നതാണെന്നും കേള്‍ക്കുന്നുണ്ട്"
'എന്തൊരു തങ്കപ്പെട്ട മനുഷ്യനായിരുന്നു.. വീട് പുതിക്കി പണിയുന്നതിനെപ്പറ്റിയും ഓട്ടോ വാങ്ങുന്നതിനെ പറ്റിയും ഇന്നാളും കൂടി പറഞ്ഞതേ ഉള്ളൂ.'
അങ്ങിനെയോരോന്ന് പറഞ്ഞ് ബിബിസി തിമര്‍ക്കുകയാണ്..!
ചന്ദ്രേട്ടനുമായി വളരെ അടുപ്പമുണ്ടായിരുന്ന ഞാന്‍, ഒരു സുഹൃത്തിനെ കാണാന്‍ പോകുമ്പോഴായിരുന്നു ഡീറ്റെല്‍ഡായി ഈ ന്യൂസ് കേട്ടത്. പിന്നെ, എനിക്ക് എന്റെ ഹാര്‍ഡ്ലി ഡേവിഡ്സണ്‍ സീറ്റിലിരുന്ന് ചവിട്ടാന്‍ പറ്റുമായിരുന്നില്ല.
അങ്ങിനെ ഫുള്‍ സ്പീഡില്‍ പോകുമ്പോള്‍, ചന്ദ്രേട്ടന്‍ മരിച്ചെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്നതിനിടെ എന്നെ വല്ലാതെ അലട്ടിയ പ്രശ്നം, രാത്രി സെക്കന്റ്ഷോ കഴിഞ്ഞ് ചന്ദ്രേട്ടന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുന്‍പിലൂടെ ഇനി എങ്ങിനേ ഒറ്റക്കു വരും എന്നതായിരുന്നു.
ഒരു രാത്രി ഒറ്റക്ക് വരുമ്പോള്‍ ചന്ദ്രേട്ടന്‍ വഴിക്ക് നിന്ന് സൈക്കിളില്‍ ‘ഡാ , ഞാനുണ്ട്രാ... നിന്റെ കൂടെ‘ എന്നുപറഞ്ഞ് ഡബ്ല് വക്കാന്‍ പറയുന്നതും അത് കേട്ട് പേടിച്ച് ‘എന്റമ്മോ..‘ എന്ന് നിലവിളിക്കുന്നതും, പേടി പറ്റി എന്റെ സമനില മിസ്സാകുന്നതും അത് മാറ്റാന്‍ പുല്ലൂര്‍ മിഷനില്‍ കൊണ്ടോയി ഷോക്കടിപ്പിക്കുന്നതും എല്ലാം എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.
സുഹൃത്ത് ജിനുവിന്റെ വീട്ടില്‍ ചെന്നപാടെ ചന്ദ്രേട്ടന്റ് മരണവിവരം ബി.ബി.സി. റിപ്പോര്‍ട്ടിന്റെ കൂടെ എന്റെ വക അല്‍പസ്വല്‍പം ആഡ് ചെയ്തു വീടിന്റെ ഗേയ്റ്റില്‍ പിടിച്ച് പറയുന്ന നേരം, ഒരു ചേച്ചി ഒരു കൊച്ചിനേയും എടുത്ത് ആ എടവഴിയിലൂടെ കടന്നുപോയി. ഇതുകണ്ട ജിനു..,
‘ ഡാ.. ആ ചേച്ചിക്ക് ചന്ദ്രേട്ടനുമായി എന്തോ ബന്ധം ഉണ്ട്, അവരോട് ചോദിച്ചാല്‍ പുതിയ അപ്ഡേഷന്‍ കിട്ടും എന്ന് പറഞ്ഞ് ആ സഹോദരിയോട് ചോദിച്ചു.
'ഇന്ന് മരിച്ച ആ ചന്ദ്രേട്ടന്‍ നിങ്ങടെ ആരാ?'
ഏത് ചന്ദ്രേട്ടന്‍?? പുരികമുയര്‍ത്തി, കണ്ണുകള്‍ വിടര്‍ത്തി ചേച്ചി ചോദിച്ചു.
വീട്ടുപേരും സ്ഥലപ്പേരും കൂട്ടി ചന്ദ്രേട്ടന്റെ പേര്‍ പറഞ്ഞപ്പോള്‍, ചേച്ചി കൊച്ചിനെ താഴെയിറക്കി, വിളറിയ മുഖത്തോടെ ചോദിച്ചു..
എപ്പോ..???
അതിന് ഞാനാണ് മറുപടി പറഞ്ഞത്.
‘രാത്രിയാണോ പുലര്‍ച്ചെയാണൊ എന്നറിയില്ല. പത്ത് മിനിറ്റുമുന്‍പാ ഞാനറിഞ്ഞത്. കഴുത്ത് ബ്ലേഡ് കൊണ്ട് മുറിച്ച് ആത്മഹത്യ ചെയ്തതാണെന്നും ആരോ കൊന്നതാണെന്നും പറയുന്നുണ്ട്. ഇപ്പോള്‍ ബോഡി പോസ്റ്റ്-മോര്‍ട്ടത്തിനായി തൃശ്ശൂര്‍ക്ക് കൊണ്ടോയേക്കാ‘
ഇത്രക്കും പറഞ്ഞതും ആ ചേച്ചി...
എന്റെ കുഞ്ഞാഞ്ഞേ........ എന്നൊരു അലാറലായിരുന്നു പിന്നെ. അവര്‍ ചന്ദ്രേട്ടന്റെ സ്വന്തം സഹോദരിയായിരുന്നേയ്.
ചന്ദ്രേട്ടന്റെ വീട്ടില്‍ നിന്നും ഒഫീഷ്യല്‍ മരണ അറിയിപ്പ് വരുന്നതിനേലും മുന്‍പ്, ഞാനാ ഇന്‍ഫോര്‍മേഷന്‍ ഉത്തരവാദിത്വത്തോടേ പാസ് ചെയ്ത ആത്മ നിര്‍വൃതിയില്‍ റിലാക്സായി, സൈക്കിള്‍ ഇരുന്ന് ചവിട്ടി ഞാന്‍ തിരിച്ചുപോയി.
ഹവ്വെവര്‍, റിലാക്സേഷന്‍ അധികം എഞ്ജോയ് ചെയ്യാന്‍ പറ്റിയില്ല. മധുരിമ ബേയ്ക്കറിയുടെ മുന്‍പില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ചയില്‍ എന്റെ സൈക്കിളിന്റെ ഹാന്റില്‍ വെട്ടി. ഞാന്‍ രണ്ടുബ്രേയ്ക്കുകളും പിടിച്ച് വണ്ടി സ്റ്റോപ്പ് ചെയ്തു!
ദാണ്ടെ, ആതംഹത്യ ചെയ്ത നമ്മുടെ ചന്ദ്രേട്ടന്‍ ഓട്ടോ റിക്ഷയിന്‍ കഴുത്തിലൊരു കെട്ടുമായി 'സിസര്‍ ഫില്‍ട്ടര്‍' വലിച്ച് വട്ടത്തില്‍ പുകവിട്ട് ഇരിക്കുന്നു.
എന്റെ അമ്മേ..!!
ഞാന്‍ ആത്മസംയമനം വീണ്ടെടുത്ത് തലയൊന്ന് കുടഞ്ഞ് ഒന്നും അറിയാത്ത പോലെ ചന്ദ്രേട്ടനോട് ചോദിച്ചു:
എന്ത് പറ്റി ചന്ദ്രേട്ടാ? കാലത്ത് തന്നെ കഴുത്തിലൊരു കെട്ടൊക്കെയായിട്ട്..?
ആളൊന്നു ചിരിക്ക മാത്രേ ചെയ്തുള്ളൂ.
ആക്ച്വലി, ആള്‍ രാത്രി തലേന്ന് കമ്പനികൂടി വാട്ടീസ് അടിച്ചിട്ട് പുലര്‍ച്ചയോടെ വീട്ടില്‍ വന്ന് കയറുകയും അതുകണ്ട് ഭാര്യ അലര്‍ച്ചയോടെ സ്വീകരിക്കുകയും, വഴക്കിനിടയില്‍ ഭാര്യയെ പേടിപ്പിക്കാന്‍ ബ്ലേയ്ഡ് എടുത്ത് കഴുത്തുമുറിക്കുകയും, തടിയനെങ്കിലും, ചോര കണ്ട് ബോധം പോയ ആളേ ശാന്തി ഹോസ്പിറ്റലില്‍ കൊണ്ടുപോയി മുറിവ് ഡ്രസ്സ് ചെയ്ത് വിടുകയുമായിരുന്നത്രേ!
ഹവ്വെവര്‍, എനിക്ക് സുഹൃത്തിന്റെ വീടിന്റെ ഭാഗത്ത് നല്ല കവറേജ് കിട്ടി.
ഈ ന്യൂസ് ഞാനാണ് ഇറക്കിയതെന്നും, ഒരു കാര്യവുമില്ലാതെ ചന്ദ്രേട്ടന്റെ പെങ്ങളും ഫാമിലിയും കൂട്ടക്കരച്ചില്‍ നടത്തിയതിനും നെഞ്ഞത്തടിച്ചതിനും കാര്‍ വിളിച്ച് പോയതിനുമെല്ലം ഞാനൊറ്റൊരുത്തനാണ് ഉത്തരവാദിയെന്നും അതുകൊണ്ട് എന്നെ ആ വീട്ടുകാര്‍ക്ക് സൌകര്യം പൊലെ വിശദമായി 'നല്ല പോലെ ഒന്ന് പരിചയപ്പെടണം' എന്നും ജിനു പറഞ്ഞറിഞ്ഞു.
എന്തായാലും പിന്നെ കുറേക്കാലം ഞാന്‍ ആ ഏരിയയില്‍ കാല്‍ കുത്തിയില്ല.
നമുക്ക് പ്രത്യേകിച്ച് അവിടെപ്പോകേണ്ട യാതൊരു ആവശ്യവും വന്നില്ല, അല്ലാതെ പേടിച്ചിട്ടൊന്നുമല്ലായിരുന്നു!
Posted by
Visala Manaskan
at
3:21 AM
11
comments
Monday, October 10, 2005
മനസാക്ഷിക്കുത്ത്
മുകുന്ദേട്ടന്‍ ഒന്നര H.R-ല്‍, ഗ്ലാസ് നിറച്ചും സോഡയൊഴിച്ച് ആര്‍ത്തിയോടെ കുടിച്ചു. തണുത്ത സോഡക്കുമിളകല്‍ മേല്‍ച്ചുണ്ടിലേക്കും മൂക്കിന്റെ തുമ്പത്തേക്കും പൊട്ടിത്തെറിച്ചു.
രസമുകുളങ്ങള്‍ക്ക് കിട്ടിയ നാരങ്ങ അച്ചാറിന്റെ തോണ്ടലില്‍ നാക്ക് കോരിത്തരിച്ച് 'ഠേ' എന്നൊരു ശബ്ദമുണ്ടാക്കി.
"മുകുന്ദേട്ടോ... ഇപ്പോ ഹെര്‍ലിസ് റമ്മും, ഓള്‍ഡ് കാസ്ക് റമ്മും തമ്മില്‍ വിലയിലുള്ള വ്യത്യാസം ഗുണത്തിലില്ല എന്നാണല്ലോ കേക്കണത്. ഒ.സി.ആര്‍ പോരേ..?"
'അയ്യയ്യോ. വേണ്ട വേണ്ട. അതടിച്ചാല്‍ ആ ദിവസം മുഴുവന്‍ തലവേദന്യാ.. പത്തുരൂപ കൂടിയാലും എനിക്ക് എച്ച്.ആര്‍. തന്നെ മതി'.
പ്രൊഡക്ഷന്‍ നിറുത്തിയിട്ട് മാസങ്ങളോളമായ H.R. ന്റെ ഒഴിഞ്ഞ കുപ്പികളില്‍ O.C.R. ഒഴിച്ച് വക്കേണ്ടിവരുന്ന എന്റെ മനസ്സാക്ഷിക്കുത്ത് ആരറിയാന്‍.
'ഒന്നര എച്ച് ആറും സോഡയും..‘ രണ്ടുമണിക്കൂര്‍ കഴിഞ്ഞ് മുകുന്ദേട്ടന്‍ വീണ്ടും ബാറിന്റെ ഒരു മൂലയില്‍ നിന്നും വിളിച്ചുപറഞ്ഞു. പാവം!
Posted by
Visala Manaskan
at
11:51 PM
24
comments
Saturday, October 8, 2005
പോലീസും ആശാരിമാരും
ഇരുപത് വയസ്സായപ്പോഴേക്കും എനിക്ക്, പോലീസീലുള്ള പേടിയൊക്കെ കമ്പ്ലീറ്റ് മാറി.
പേടി മാറി, വെയിലത്തും മഴയത്തും പാറാവ് നില്‍ക്കുന്ന പോലീസുകാരെ കാണുമ്പോള്‍ ‘സഹതാപം‘ വരെ തോന്നിത്തുടങ്ങി എന്നു പറയുന്നതാവും കൂടുതല്‍ ശരി.
അങ്ങിനെ, സ്വന്തം ഏരിയയില്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ജീവിച്ചുപോന്ന അക്കാലത്ത്, കൊടകരയിലെ ടോപ്പ് പുലികളിലൊരാളായ ശ്രീ. ജെയിംസേട്ടന്റെ വീട്ടിലൊരിക്കലൊരു കള്ളല്‍ ജേയിംസേട്ടന്റെ സാമ്പത്തിക ഭദ്രത ടെസ്റ്റ് ചെയ്യാന്‍ കയറുകയും കുറച്ച് സ്വര്‍ണ്ണവും കാശുമെല്ലാം കൊണ്ടുപോവുകയും ചെയ്തു.
ഈ കേസ് പുതുക്കാട് സി.ഐ. നേരിട്ടന്വേഷ്ക്കുകയായിരുന്നു.
അങ്ങിനെ, പോലീസ് കൊണ്ടുപിടിച്ചന്വേഷിക്കുന്നതിന്റെ ഭാഗമായി, രാത്രി ഉറക്കം കുറവായതുകൊണ്ട് കറക്കം കൂടിയവരേയും മുന്‍പ് കേസുകളില്‍ പെട്ട് പേരുദോഷം വന്നവരേയുമെല്ലാം, സ്റ്റേഷനിലേക്ക് ചായയും പരിപ്പുവടയുമൊക്കെ കൊടുത്ത് സല്‍ക്കരിച്ച് തമാശയൊക്കെ പറഞ്ഞിരിക്കാന്‍ വിളിപ്പിച്ചു.
ഈ അവസരത്തില്‍ എന്റെ വീട്ടില്‍ കുറച്ച് ആശാരിപ്പണി നടക്കുന്നുണ്ടായിരുന്നു. പണിക്കുവന്നിരുന്ന രണ്ട് പേര്‍ പരിപ്പുവട ലിസ്റ്റിലുണ്ടെന്നറിവ് കിട്ടിയപ്പോള്‍
'ഇനി പണിയാന്‍ കോണ്‍സെണ്ട്രേഷന്‍‘ കിട്ടില്ലെന്ന് പറഞ്ഞ് അന്നത്തെ കൂലിയും വാങ്ങി കൂട്ട് പോകാന്‍ പറ്റിയ പിടിപാടുള്ള രാഷ്ട്രീയക്കാരെ അന്വേഷിച്ച് അവര്‍ രണ്ടുപേരും പോയി.
അന്നേ ദിവസം ഉച്ചതിരിഞ്ഞ് ഇവരെത്തേടി പോലീസ് എന്റെ വീട്ടില്‍ വന്നിരുന്നു.
ആ സമയം, അധികം ചോദ്യങ്ങള്‍ ഒഴിവാക്കാനായി മെയിന്‍ ആശാരി 'അവര്‍ ലഞ്ച് ബ്രേയ്ക്കിന് പോയതാ... സാറേ...പിന്നെ കണ്ടില്ല' എന്ന് പറയുകയും ‘അതേപോലെ തന്നെയേ പറയാവൂ‘ എന്ന് ഞങ്ങളോടും റിക്വസ്റ്റ് ചെയ്തു.
ഞാനന്ന് ജീവിതം ആര്‍മാദിക്കാന്‍ മാത്രമുള്ളതാണ് എന്ന പോളിസിയില്‍ ജീവിക്കുന്ന കാലം.
തൃശൂര്‍ റിലീസിന്റന്ന് ഒരു പടം കാണാന്‍ ഒരുങ്ങിയിറങ്ങുമ്പോഴാണ്, ഒരു ജീപ്പ് നിറയെ വിരുന്നുകാര്‍, പൈലിസാറും കൂട്ടരും എന്റെ വീട് ലക്ഷ്യമാക്കി വരുന്നത് കണ്ടത്.
ഞാര്‍ ഒട്ടും അങ്കലാപ്പില്ലാതെ കൂളായി ഗേയ്റ്റിനടുത്തേക്ക് ചെന്നു. നമ്മുടെ നാട്, നമ്മുടെ വീട്, കേസുമായി നമുക്കൊരു ബന്ധവുമില്ല...പിന്നെ ആത്മവിശ്വാസക്കുറിവിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ.
മുങ്ങിയ ആശാരിമാരെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.
ഇന്നലെ എത്ര പേര്‍ വന്നിരുന്നു, മിനിയാന്നെത്ര, അതിന്റെ തലേന്നെത്ര..അങ്ങിനെ ചോദ്യം നീണ്ടു.
ഇത്രക്കും ചോദ്യങ്ങള്‍ പ്രതീക്ഷിക്കാതിരുന്നതുകൊണ്ടും സിനിമക്ക് പോകേണ്ട തിരക്കുകൊണ്ട്, ഞാന്‍ ഒരു ദുര്‍ബല നിമിഷത്തില്‍ 'ഓ പിന്നേ, എനിക്കതൊന്നുമോര്‍മ്മയില്ല.. അതൊക്കെ ഞാനെങ്ങിനെ ഓര്‍ത്തിരിക്കാനാ' എന്ന് ഞാന്‍ പറഞ്ഞു.
എന്റെ ആറ്റിട്ട്യൂഡും ഡയലോഗും ആളെ ഹഢാദാകര്‍ഷിച്ചു!
ഗംഗ, നാഗവല്ലിയായിമാറിയ പോലെ പൊടുന്നനെ പൈലിസാര്‍, നാഗപൈലിയായി മാറി.
എന്നിട്ട് എന്നെ അതിരൂക്ഷമായി നോക്കിക്കൊണ്ട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ' എത്രയാടാ നിന്റെ പ്രായം?' എന്നലറിക്കൊണ്ട് ജീപ്പില്‍ നിന്നും ചാടിയൊരിറക്കം.
റോഡ് പണി നടക്കുന്നിടത്ത് പി.ഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ നില്‍ക്കുന്ന പോലെ ഗൌരവം വിടാതെ നിന്നിരുന്ന എന്റെ നെഞ്ചീന്ന് അഞ്ചാറ് കിളികള്‍ ഒരുമിച്ച് ചിറകടിച്ച് പറന്നുപോയി.
താളബോധം നഷ്ടപ്പെട്ട എന്റെ പാവം ഹൃദയം ഭ്രാന്തുപിടിച്ച പോലെ ചടപടാ മിടിക്കുമ്പോള്‍ ഞാന്‍ "ഇരുപത്തൊന്ന് " എന്ന് കൊച്ചുകുട്ടികളുടെ ശബ്ദത്തില്‍ പറയുന്നതോടൊപ്പം മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചത് തികച്ചും യാന്ത്രികമായിട്ടായിരുന്നു.
മനസ്സില്‍ പടപടപ്പ് തോന്നിത്തുടങ്ങിയല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് പറഞ്ഞ് കേട്ടത് എത്ര ശരി!
ജീവിതത്തിലാദ്യമായി അഞ്ചാം നമ്പര്‍ ഫുഡ്ബോള്‍ ഹെഡ് ചെയ്തപോലെ ഒരു മിനിറ്റ് നേരത്തേക്ക് എന്റെ സ്ഥലകാല ബോധം നഷ്ടമായി.
'തൊണ്ണൂറ്റൊന്നല്ലല്ലോടാ ?' എന്ന് പറയാനായിരുന്നു എന്നോട് വയസ്സ് ചോദിച്ചത്.
അവശേഷിച്ച ആത്മധൈര്യം വച്ച്, 'എന്നോടിങ്ങിനെയൊക്കെ പറയാന്‍ ഞാനെന്തു പിഴച്ചൂ സാറെ' എന്ന് സൌമ്യമായി ചോദിക്കുകയുണ്ടായി.
'നീ പിഴച്ചാലും കൊള്ളാം ഇല്ലേലും കൊള്ളാം, ഞങ്ങള്‍ കുറച്ച് വിവരങ്ങള്‍ അറിയാനാണ് ഇവിടെ വന്നത്, മര്യാദക്ക് പറഞ്ഞാല്‍ നിനക്ക് കൊള്ളാം, അല്ലെങ്കില്‍ നിന്നേക്കൊണ്ട് ഞാന്‍ പറയിക്കും' എന്ന്. ...
" ഈശ്വരാ.."
ദിവസവും കൂലി കൊടുക്കുന്നത് എഴുതി വക്കുന്ന പുസ്തകമുണ്ട്, അതില്‍ നോക്കിയാല്‍ കറക്ടായി ഓരോ ദിവസവും എത്ര പേര്‍ വന്നുവെന്ന് അറിയാമെന്ന് ഞാന്‍ പറഞ്ഞ്, ബുക്കെടുക്കെടുത്തുവന്നു.
കണക്കുപുസ്തകം നോക്കിയ പൈലി സാര്‍, എന്നെ അടിമുടി സൂക്ഷിച്ച് നോക്കി.
മെയിന്‍ ആശാരി പറഞ്ഞതനുസരിച്ച് കൂലി വാങ്ങാതെയാണ് 'മുങ്ങിയവര്‍' പോയെന്നാണ് ഞാന്‍ ഇത്രയും നേരം പറഞ്ഞിരുന്നതേയ്.
പക്ഷെ, മുങ്ങിയ ടീമിന് പൈസ കൊടുത്ത കണക്ക് ദാ പുസ്തകത്തില്‍!
‘ഇന്നലെ അവര്‍ എപ്പോ പോയെന്നാ പറഞ്ഞെ?‘ എന്ന പൈലി സാറിന്റെ ചോദ്യം കേട്ട് ഞാന്‍ തല താഴ്ത്തി ‘പുസ്തകത്തിന്റെ കാര്യം പറയാന്‍ തോന്നിയ എന്റെ കൂര്‍മ്മ ബുദ്ധിയെ‘ പ്രശംസിച്ചു.
ഞാന്‍ ഉറപ്പിച്ചു., നല്ല തെറിയോട് കൂടിയ ഡിസന്റ് ഇടികള്‍ വീട്ടുകാരുടെയും നാട്ടുകാരുടേയും മുന്നില്‍ വച്ച് ദേ കിട്ടാന്‍ പോണ് എന്ന്. ഇടികൊള്ളുമ്പോള്‍ വിളിക്കേണ്ട ‘ഹമ്മേ.. അയ്യോ.. അച്ഛോ...‘എന്നൊക്കെ മനസ്സില്‍ റിഹേഴ്സലും തുടങ്ങി.
പക്ഷെ, അടിതുടങ്ങുന്നതിന് പകരം ചോരക്കണ്ണുകള്‍ ഉരുട്ടി പൈലി സാറ് എന്നെ നോക്കി ജീപ്പിലിരിക്കുന്ന എസ്. ഐ.യോട് പറഞ്ഞൂ.
'ഇവന്‍ ഇത്തിരി വിളഞ്ഞ മൊതാലാണല്ലോ! ഇവിടെ വച്ച് ചോദിച്ചാലൊന്നും ഇവന്‍ മര്യാദക്ക് പറയില്ല, സ്റ്റേഷനില്‍ കൊണ്ടുപോയിട്ട് രണ്ടെണ്ണം കൊടുത്ത് ചോദിക്കാം ബാക്കി'
അതുകേട്ടപാടെ, എന്റെ ഹാര്‍ഡ് ഡിസ്ക് അടിച്ചുപോയപോലെ തോന്നി.
എന്റെ തലച്ചോറിന്റെ ചുളിവുകള്‍ ഒരോന്നായി നിവര്‍ന്ന്, ഉറക്കത്തില്‍ ട്രെയിനിന്റെ ബര്‍ത്തില്‍ നിന്ന് ഉരുണ്ട് വീണപോലെ എന്താണ് സംഭവിച്ചതെന്ന് മാത്രമല്ല, ഞാനാരാണ് , എവിടെയാണ് ഞാന്‍ നില്‍ക്കുന്നത് എന്നുപോലും എനിക്ക് ഓര്‍ക്കാന്‍ പറ്റാതായി.
ഇവര്‍ നമ്മടോടെ വന്നിട്ട് ഇങ്ങിനെ പെരുമാറുന്നു, അപ്പോള്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയാല്‍ എന്താകും സ്ഥിതി?
ഞാന്‍ കണ്ണുകള്‍ ഒരു നിമഷം അടച്ചു. പിന്നെ വെറുതെ ഒന്ന് തുറന്നു. അപ്പോള്‍ അതാ, ഒരു കണ്ടുപരിചയമുള്ള ഒരു തലയുടെ പിന്ഭാഗം റോഡ് മുറിച്ച് കടന്നുപോകുന്നു...
അത് കണ്ടപാടെ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്ത് പൈലി സാറിനോട് ഉറക്കെ പറഞ്ഞൂ..... ‘ദാ പോണ് സാറേ മെയിന്‍ ആശാരി. ഇന്‍ഫോര്‍മേഷന്‍ സെന്റര്‍, മെയിന്‍ സെര്‍വര്‍!
സംഗതി ആശാരിമൂപ്പന്‍ പോലീസ് ജീപ്പ് കണ്ട് അവിടന്ന് കിട്ടാവുന്ന സ്പീഡില്‍ ആ ഏരിയായില്‍ നിന്ന് സ്കൂട്ടാവാന്‍ നോക്കിയതായിരുന്നു.
തുടര്‍ന്ന് ആളെ വിളിക്കുകയും അറിവില്ലാ പൈതമായ എന്ന് വിട്ട് ചോദ്യം ചെയ്യലിനായി നിര്‍മ്മല ഹൃദയനായ പൈലി സാര്‍, ആളെപ്പിടിച്ചു.
പണ്ടൊരിക്കല്‍, പാടത്ത് നെല്ലിന് പരാമര്‍ തെളിക്കാന്‍ വന്ന കുറ്റികൊണ്ട് ഞാന്‍ ചെടികള്‍ക്ക് തെളിച്ചിട്ട്, ഒന്നര മാസത്തോളം നന്നായി ശ്വാസം വലിച്ചാല്‍ 'പരാമറിന്റെ' മണം കിട്ടിയിരുന്നു. അതേ പോലെ, കുറെക്കാലം എന്റെ വീടിനെ പരിസരത്ത് രാത്രിയും പകലും പൈലി സാറിന്റെ ശബ്ദം ഞാന്‍ കേട്ടു.
സംഗതി, എന്നെ അവര്‍ വെറുതെ ഒന്ന് പേടിപ്പിച്ചതായിരുന്നു. തമാശക്ക്. അല്ലെങ്കില്‍ ആശാരിമാര്‍ വീട്ടില്‍ പണിക്ക് വന്ന കണക്കോര്‍മ്മയില്ലാത്തതിന് ആരെയെങ്കിലും പോലീസ് സ്റ്റേഷനിന്‍ കൊണ്ടോയി ഇടിക്കുമോ?? ഇല്ല.
പക്ഷെ, പൂച്ചക്ക് കളിതമാശയായിരുന്നെങ്കില്‍ പാവം എലിക്ക് ഒന്നൊന്നര പ്രാണവേദന തന്നെയായിരുന്നു.
Posted by
Visala Manaskan
at
1:59 AM
19
comments
Saturday, October 1, 2005
കോഴിപിടുത്തം
എണ്‍പതുകളില്‍, കോഴികളെ ഓടിച്ചുപിടിക്കല്‍ എന്റെ ഒരു മെയിന്‍ ഹോബിയും ജ്വരവുമായിരുന്നുവെന്നത് ഞങ്ങളുടെ ഏരിയയിലുള്ള മനുഷ്യര്‍ക്ക് മാത്രമല്ല കോഴികള്‍ക്കും അറിയാമായിരുന്നു. അതുകൊണ്ട് ശാന്തി ഹോസ്പിറ്റലിന്റെ പരിസരത്തുള്ള ഒരു കോഴിയും, അതിനി പൂവനായിക്കോട്ടേ... പെടയായിക്കോട്ടേ, എന്റെ മുന്‍പിലൂടെ നെഞ്ചും വിരിച്ച് നടക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല.
അപ്രതീക്ഷിതമായി വിരുന്നുകാര്‍ വരിക, അല്ലെങ്കില്‍ പൊളിറ്റിക്സ് മൂലം കൂട്ടില്‍ കയറാതെ കോഴി കറങ്ങിനടക്കുക, തുടങ്ങിയ സാഹചര്യങ്ങളിലൊക്കെയാണ് സാധാരണയായി നമ്മുടെ ഈ സേവനം വീട്ടുകാര്‍ക്കും അയല്പക്കക്കാര്‍ക്കും ആവശ്യമായി വരിക. ബ്രോയിലര്‍ യുഗം തുടങ്ങുന്നതിനുമുന്‍പൊക്കെ വിരുന്നുകാര്‍ക്കും വിശേഷങ്ങള്‍ക്കുമായി പല പരവുത്തിലുള്ള കോഴികളാല്‍ നിറഞ്ഞ ഹെവിഡ്യൂട്ടി കോഴിക്കൂടുകള്‍ നിലനിര്‍ത്തിപ്പോരേണ്ടത് ഒരാവശ്യമായിരുന്നല്ലോ!
ശാസ്ത്രീയമായുള്ള കോഴിപിടുത്തത്തിന്റെ ടെക്ക്നിക്കുകളിലേക്ക്....
ആദ്യമായി പിടിക്കാന്‍ ഉദ്ദേശിക്കുന്ന കോഴിയുടെ പിറകേ, രണ്ടുമിനിറ്റ് കൂളായി നടക്കണം. ലൈസന്‍സില്ലാതെ വണ്ടിയോടിക്കുന്നവന്റെ പുറകില്‍ 'പോലീസ് ജീപ്പ്' കണ്ടപോലെ, ഈ ഡെഷ് എന്തിനാണാവോ എന്റെ പിന്നാലെ നടക്കുന്നതെന്ന് ഓര്‍ത്ത് കോഴിക്ക് ഒടുക്കത്തെ ടെന്‍ഷനാകും.
അവിടെയണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്.
നടത്തം മാറ്റി പെട്ടെന്ന് ഓടിച്ച് കല്ലുകൊണ്ടോ പട്ടക്കഷണം കൊണ്ടോ കോഴിയെ വെറുതെ ഒരു ഏറ് കൊടുക്കണം (ഉന്നം പിടിക്കേണ്ടതില്ല). അത്രയും നേരം ചെറിയ സ്പിഡില്‍ ഓടിയിരുന്ന കോഴി പൊടുന്നനെ അറ്റകൈപ്രയോഗമെന്നോണം അപ്പോള്‍ പറന്നിരിക്കും. എമര്‍ജന്‍സി കേയ്സുകളി മാത്രം പറക്കുന്ന കോഴി, കുറച്ച് നേരം പറന്ന് ക്രാഷ് ലാന്റ് ചെയ്ത് വീണ്ടും ഓടുമ്പോള്‍ ഒരുമാതിരിപ്പെട്ട കോഴികള്‍ക്കെല്ലാം, ഒരു ശരാശരി കോഴി ഓടുന്നതിന്റെ നാലിലൊന്ന് മാത്രമേ പിന്നീട് ഓടാന്‍ പറ്റൂ.
ബോഡി വെയ്റ്റ് കൂടിയതുകൊണ്ട്, പറക്കുമ്പോള്‍ എനര്‍ജി ലാപ്സാസി കോഴിയുടെ പരിപ്പിളകി സ്റ്റാമിന കുത്തനെ കുറയുന്നതുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. പിന്നെ പതുങ്ങുകയല്ലാതെ വേറോരു ഓപ്ഷനില്ല..
ഇനി മൂന്നാമത്തെയും അവസാനത്തെയും ഘട്ടം.
വെട്ടുകത്തിയുപയോഗിച്ച് കോഴിയുടെ തല വെട്ടിമാറ്റുന്ന ഏര്‍പ്പാട് തികച്ചും അശാസ്ത്രീയമാണ്., പ്രാചീന മനുഷ്യര്‍ വെട്ടുകത്തി കണ്ടുപിടിച്ചതിന് ശേഷം, കത്തിമാനിയ എന്ന അസുഖമുള്ള ചില തെങ്ങ് കയറ്റക്കാരെ പോലെ, എന്തുകണ്ടാലും അതിലൊന്നു വെട്ടി നോക്കുന്ന പ്രവണതയുമായി ബന്ധമുള്ളതാണിത്.
കാലുകള്‍ ചവിട്ടിപ്പിടിച്ച്, തെക്കോട്ട് അഭിമുഖമായി നില്‍ക്കുന്ന കോഴിയുടെ ഫേയ്സ് 180 ഡിഗ്രിയില്‍ കറക്കി വടക്കോട്ടേക്കാക്കി ഒരു ചെറിയ വലി വലിച്ചാല്‍. ദാറ്റ്-സ്-ഓള്‍. കോഴി പോലും അറിയാതെ ആത്മാവ് റിലീസാവും.
ഒരിക്കല്‍ ഗോപിസാറിന്റെ വീട്ടില്‍ ഓര്‍ക്കാപ്പുറത്തൊരു വിരുന്നുകാരന്‍. ഗോപിസാറിന്റെ മക്കളായ ജിജിയും ജിനുവും അന്ന് വീട്ടിലില്ല. അങ്ങിനെയാണ് എനിക്കാ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നത്. നല്ല പരിചയമുള്ള ചാത്തനായതോണ്ട് കാണിച്ചു തരേണ്ട ആവശ്യമില്ലായിരുന്നു. കേട്ടപാടെ, ഞാനൊറ്റക്ക് പൂവനെ അന്വേഷിച്ചു പുറപ്പെട്ടു.
രവിച്ചേട്ടന്റെ പറമ്പില്‍ കണ്ടില്ല, വിജയമേനോന്റെ പറമ്പിലുമില്ല, തുറുവിന്റെ താഴെയുമില്ല. ‘ഇത് എവിടെ പോയി?’ എന്നാലോചിച്ച് പതിവ് സ്ഥലത്തൊന്നും പൂവനെ കാണാഞ്ഞ് ഞാന്‍ അന്വേഷണം വ്യാപിച്ചു.
അങ്ങിനെ നോക്കി നോക്കി നടന്നപ്പോള്‍ ദാണ്ടെ, ചുള്ളന്‍ മറ്റുപൂവന്മാരോട് 'പൊന്നാപുരം കോട്ട' സിനിമയുടെ കഥയും പറഞ്ഞ് പാടത്തിറക്കത്ത് നില്‍ക്കുന്നു!
എന്നെ കാടും മേടും ഓടിപ്പിക്കാനുള്ള ഒരു ‘ഇര’ യാവാനുള്ള റേയ്ഞ്ചൊന്നും ആ പൂവനും ഉണ്ടായിരുന്നില്ല.
ഓപ്പറേഷനൊക്കെ ജോറായി. ഗോപി സാറെന്നെ അഭിനന്ദിച്ചു. ആളുടെ ഭാര്യ രാധേച്ചി എനിക്ക് വിരുന്നുകാര്‍ കൊണ്ടുവന്നതില്‍ നിന്ന് ഒരു ലഡുവെടുത്ത് സ്‌നേഹത്തോടെ തന്നു. ഞാന്‍ വീണ്ടും അഭിമാനപൂരിതനായി.
പക്ഷെ, പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഗോപിസാറിന്റെ വീട്ടിലെല്ലാവരും ഒരു കാഴ്ച കണ്ട് ഞെട്ടി.
‘തലേന്ന് കൊന്നുതിന്ന പൂവന്‍ കോട്ടുവായിട്ടുകൊണ്ട് കൂട്ടില്‍ നിന്നിറങ്ങി വരുന്നു. എന്നിട്ട് ഉറക്കച്ചടവോടെ ബ്രേക്ക്-ഫാസ്റ്റ് കൊത്തി കൊത്തി തിന്നുന്നു‘.
കോഴിയുടെ പ്രേതം വന്ന ന്യൂസ് കേട്ട ഞാനും തരക്കേടില്ലാതെ ഒന്നു ഞെട്ടി, ‘ഹൌ കം?’ എന്ന് പല ആവ്ര്‍ത്തി മനസ്സില്‍ പറഞ്ഞു.
അധികം താമസമില്ലാതെ, സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്, നാല് വീട് അപ്പുറത്തുള്ള കുട്ടി പോള്‍ അവരുടെ യങ്ങ് ഹാന്‍സം പൂവന്‍ അബ്സ്ക്കോണ്ടിംഗ് എന്ന് പറഞ്ഞു ‘ഇവിടേക്കെങ്ങാന്‍ വന്നോ?’ എന്ന് ചോദിച്ച് വന്നു.
കാര്യത്തിന്റെ കിടപ്പുവശം മനസ്സിലായ ഉടന്‍, ഗോപിസാര്‍ തന്റെ കോഴിയെ പോളിനോട് പിടിച്ചോണ്ട് പൊയ്കോളാന്‍ പറഞ്ഞ് പ്രശ്നം സോള്‍വാക്കിയെങ്കിലും, എന്റെ അച്ഛന്‍, 'ഇനി നാട്ടുകാരുടെ കോഴിയെ പിടിക്കാന്‍ നടന്നാല്‍ നിന്റെ കാല് തല്ലിയൊടിക്കുമെടാ' എന്നുപറഞ്ഞെന്നെ ഉപദേശിച്ചു.
റിസ്കെടുക്കേണ്ട എന്ന് വച്ച് ഞാന്‍ കോഴിപിടുത്തം അതോടെ നിറുത്തി.
Posted by
Visala Manaskan
at
3:57 AM
22
comments


