26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന്‍ തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ്.
എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ... ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ..... ഞങ്ങളെ അനുഗ്രഹിക്കൂ!’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.
മരുമോള്‍ ബികിനി ഇട്ട് എന്നെ അള്ളിപ്പിടിച്ച് ബൈക്കില്‍ പോയതും വെള്ളക്കാരിയായതും അമ്മ ക്ഷമിച്ചത്രേ... പക്ഷെ, മരുമകളുടെ പ്രായം... അത്.. അമ്മക്ക് അങ്ങട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. സമാസമം പ്രായമുള്ളവളെ എങ്ങിനെ മരുമോളേന്ന് വിളിക്കും?
‘കൊല്ലും ഞാന്‍ രണ്ടിനേയും!‘ എന്നലറി അമ്മ ചാടിയെണീക്കുകയായിരുന്നത്രേ!!
കല്യാണത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍, “മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??“
എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.
ഹവ്വെവര്‍, തുടര്‍ന്ന് ആവശ്യമില്ലാത്തതും അത്യാവശ്യമുള്ളതുമായ പലതും ആലോചിച്ച് എന്റെ രാവുകള്‍ ഏറെക്കുറെ നിദ്രാവിഹീനങ്ങളായി. ജബലലി ഫ്രീസോണ്‍ ന്യൂ ഈസ്റ്റ് ക്യാമ്പിലെ 206 നമ്പര്‍ റൂമില്‍ ചില രാത്രികളില്‍ ആരൊക്കെയോ കിനാവിന്റെ പടികടന്നെത്തി വന്ന് (കട്:ഗിരീഷ് പുത്തഞ്ചേരി)എന്നെയും കൊണ്ട് ഊട്ടിയിലേക്ക് ഹണിമൂണിന് പോയി.
നാട്ടില്‍ വന്ന് ഞാന്‍ മൊത്തം 6 ഉം 2 ഉം 8 പെണ്ണൂങ്ങളെയേ കണ്ടുള്ളൂ. ആദ്യം വാടാനപ്പിള്ളി പോയി സന്ധ്യയെ കണ്ടു. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തി. അതിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തതിന് ശേഷം പുതുക്കാടൊരു ക്ടാവിനെ കണ്ടു. പിന്നെ മറ്റത്തൂര്‍ പോയി വേറൊരു കുട്ടിയ കണ്ടു.
അവളാരിത്തിയെ എനിക്കങ്ങ് ശരിക്കും പിടിച്ചതായിരുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ കയറിക്കിടന്ന രൂപം. ചുരുണ്ട മുടി. വിടര്‍ന്ന കണ്ണുകള്‍. ഇരു നിറം. നല്ല വിദ്യാഭ്യാസി. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു ലുക്ക്. നല്ല തറവാട്ടുകാര്‍ ചോമ്മാര്! പക്ഷെ, ഒരു പ്രശ്നം. ജാതകം ഒരു നിലക്കും ചേരുന്നില്ല. അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്. പണിക്കര്‍ രണ്ട് തച്ച് പണിഞ്ഞിട്ടും പ്ലൂട്ടോ അടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ രണ്ട് ജാതകം ഉണ്ടാക്കിച്ചു. അതിന് വേണ്ടി ഒരു വയസ്സ് കുറക്കാന്‍ വരെ ഞാന്‍ തയ്യാറായി. എന്നിട്ടും പ്ലൂട്ടോ സമവായത്തിന് തയ്യാറായില്ല.
പെണ്‍ വീട്ടുകാര്‍ അതിഭയങ്കര ജാതകവിശ്വാസികളും കുട്ടിയുടെ അച്ചന്‍ ജാതകം നോക്കാതെ കെട്ടി, അമ്മ മരണപ്പെട്ടതുമാണെന്നൊക്കെ കേട്ടപ്പോള്‍ പിന്നെ ഞാനത് ഒഴിവാക്കുകയായിരുന്നു. (അവര്‍ വരാമെന്നേറ്റ ദിവസം രാവിലെ, ഇന്ന് വരുന്നില്ല എന്ന് പറയാന്‍ അവിടെ നിന്ന് കുട്ടിയുടെ അമ്മാവന്‍ വന്നപ്പോള്‍, രവിച്ചേട്ടന്റെ വീട്ടില്‍ നിന്ന് വിരുന്നുകാര്‍ക്കിരിക്കാന്‍ കസേരകളുമെടുത്തോണ്ട് വന്ന ചേട്ടനേയും വിജയേട്ടനെയും പുഷ്പാകരേട്ടനെയും കണ്ട് ‘സ്വന്തമായി നാലാള്‍ക്കിരിക്കാന്‍ നല്ല കസേര പോലും ഇല്ലാത്ത ദരിദ്രവാസികളാണപ്പോള്‍. ബെസ്റ്റ്!’ എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചതാണെന്നൊക്കെ ആരോ പിന്നീട് പറഞ്ഞിരുന്നു. നമ്മള്‍ വിശ്വസിച്ചിട്ടില്ലെങ്കിലും!)
അങ്ങിനെയാണ് ഞാന്‍ കല്ലൂരുള്ള ഒരു കൊച്ചിനെ കാണാന്‍ പോകുന്നത്. ചാറ്റല്‍ മഴയുള്ള ഒരു ദിവസം. കല്ലൂര്‍ പാടമെത്തിയപ്പോഴേക്കും മഴ മാറി. ഞങ്ങള്‍ വണ്ടി നിറുത്തി പുറത്തിറങ്ങി പാടത്തേക്ക് നോക്കി റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ മൂന്നുപേരും നിരന്ന് നിന്നു. നല്ല സത്യന്‍ അന്തിക്കാട് സിനിമയിലെ സീന്‍ പോലെയൊരു കളര്‍ഫുള്‍ പാടം. മഴ പെയ്ത് പാടം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. തണുത്ത് കാറ്റ്. ഞാനാ വഴി ആദ്യമായിട്ടായിരുന്നു. പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം.
അങ്ങിനെ ജീവിതത്തിലാദ്യമായി നമ്മുടെ ഗഡിയെ കണ്ടു. തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. അത് കേട്ട് അവള്‍ടെ അച്ഛന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു. അച്ചപ്പവും കൊഴലപ്പവും മടക്കും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!
ലേലത്തുക ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ സംഗതി ഇടിപിടീന്ന് ബന്ധവസ്സായി. പക്ഷെ, നിശ്ചയത്തിന്റെ തലേദിവസം എനിക്ക് പെട്ടെന്നൊരു റ്റെന്‍ഷന്‍. കൊച്ച് കേരള വര്‍മ്മ യുടെ പ്രോഡക്റ്റാണ്. പാമ്പുകടിക്കാനായിട്ട് വല്ല മുട്ടന്‍ ലൈനുകളെങ്ങാനുമുണ്ടെങ്കില്‍... കല്യാണത്തിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ഒളിച്ചോടാന്‍ വല്ല പ്ലാനുമുണ്ടെങ്കിലോ... എന്നോര്‍ത്ത് ഞാന്‍ നേരിട്ട് കക്ഷിയോട് ഒറ്റക്ക് വിളിച്ച് മനസ്സമതം ചോദിച്ചേക്കാം എന്ന് ഉറപ്പിച്ച്, ഗഡികളെയും വിളിച്ച് അന്ന് ഉച്ചതിരിഞ്ഞു അവള്‍ടെ വീട്ടില്‍ പോയി.
അന്നും കല്ലൂര്‍ പാടത്തെത്തിയപ്പോള്‍ റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ സെയിം സ്പോട്ടില്‍ ഞങ്ങള്‍ മൂന്നുപേരും വരിവരിയായി നിന്ന് കുറച്ച് നേരം പ്രകൃതി ഭംഗി ആസ്വദിച്ചു!
കാറില്‍ വച്ച്, ‘എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ . അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ അപ്പുവേട്ടന്‍!! ‘ എന്നൊക്കെ പറയാന്‍ കുറെ തവണ കാറില്‍ വച്ച് റിഹേഴ്സല്‍ നടത്തി.
പക്ഷെ.. അവിടെയെത്തിയപ്പോള്‍..... റിഹേഴ്സല്‍ നടത്തിയതൊന്നും പറയാന്‍ തോന്നിയില്ല. കാരണം, അവള്‍ടെ ചിരി കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!
അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘എടീ മിസ്. വെള്ളാനിക്കോടേ... ഉണ്ടക്കണ്ണീ.... ഇനി ആരൊക്കെ എതിര്‍ത്താലും എന്തലമ്പുണ്ടാക്കിയാണേലും ശരി, നിന്നെ ഞാന്‍ കെട്ടിയിരിക്കുമെടീ...’
അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം പത്ത് വര്‍ഷമാകുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്!
(ഇതൊരു റൌണ്ട് ഓടിയതാണ് കഴിഞ്ഞവര്‍ഷം. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!)
Monday, September 15, 2008
ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്.
Posted by
Visala Manaskan
at
9:14 PM
370
comments
Saturday, August 16, 2008
കൊടുംപാപി
യൌവനത്തിന്റെ ചോരത്തിളപ്പില്‍ കൊടും പാപിയാവാന്‍ വിധിക്കപ്പെട്ട ഒരു സത്യകൃസ്ത്യാനിയുടെ കഥയാണിത്.
മകരമാസത്തിലെ പൂരം നാളില്‍ കൊടകരക്കടുത്തുള്ള ആലത്തൂർ മുണ്ടക്കല്‍ ഫാമിലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവം വര്‍ഷാവര്‍ഷം അതിഗംഭീരമായി ആഘോഷിച്ചുപോരുന്നു.
പൂരം പ്രമാണിച്ച് കുമ്മായം പൂശി സുന്ദരക്കുട്ടപ്പനാക്കിയ അമ്പലത്തിലെ സ്പെഷല്‍ പൂജക്കും ദീപാരാധനക്കും പുറമേ, പറ വെപ്പ് വഴിപാട്, കതിനാവെടി വഴിപാട് എന്നിവ നടക്കും. തുടര്‍ന്ന് ഉരുളി, വിറക്, അടുപ്പും കല്ല്, അലൂമിനീയം കലം എന്നീ സാമഗ്രഹികളുമായി ടെമ്പോയുടെ മുകളില്‍ നിന്ന് കൂട്ടം കൂട്ടമായി എത്തിച്ചേരുന്ന മുണ്ടക്കല്‍ വിശ്വാസികള്‍ അമ്പല കോമ്പൌണ്ടില്‍ വച്ച് പായസം വെപ്പ് വഴിപാടും നടത്തും. വൈകീട്ട് അടുത്തുള്ള ഏതെങ്കിലുമൊരു ഫാമിലി സ്പോണ്‍സര്‍ ചെയ്യുന്ന 2 സ്റ്റാര്‍ സദ്യ, രാത്രി ഒരു പുണ്യപുരാതനഭയങ്കരന്‍ നാടകം!
ആദ്യകാലത്ത് ആനയെ എഴുന്നിള്ളിച്ചിരുന്ന പൂരത്തിന് “ഇനി മുതല്‍ ആന വന്നിട്ടുള്ള എടപാട് വേണ്ടാ..!” എന്ന ഐക്യകണ്ഠേനെയുള്ള നിലപാട് കൈകൊള്ളുന്നത്, നാടകത്തിനിടെ ഒരുകൊല്ലം ആന ഇടഞ്ഞതിന് ശേഷമാണ്.
തെങ്ങിന്‍ പറമ്പുകളാല്‍ ചുറ്റപ്പെട്ട് ഏറെക്കുറെ പറമ്പിന്റെ നടുക്ക് മോട്ടോര്‍ പുര ഇരിക്കും പോലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍, പൂരത്തിന് പോയ പലരും ആനയിടഞ്ഞുണ്ടായ പരക്കം പാച്ചലില്‍ കവുങ്ങിലും തെങ്ങിലും ഇടിച്ചും കൊക്കരണിയില്‍ വീണും സാരമായ പരിക്കോടെയാണ് തിരിച്ചെത്തിയത്. ഹവ്വെവര്‍, പിറ്റേന്ന് ചിതറി കിടന്ന കലങ്ങളും പാത്രങ്ങളും കണ്ടാണത്രേ, “ആന ചവിട്ടിയ അലൂമിനീയം കലം പോലെ” എന്ന പ്രശസ്തമായ ഉപമ ഉണ്ടായത്.
മുണ്ടക്കക്കാരുടെ അമ്പലത്തില് പൂരത്തിന് പോകാന്‍ ഞങ്ങള്‍ക്ക് ഓരോ പ്രായത്തില്‍ ഓരോ അട്രാക്ഷനായിരുന്നു.
സേമിയ ഐസും നെയ് പായസവുമാണ് ഈ ലോകത്തില്‍ ഏറ്റവും ടേയ്സ്റ്റുള്ള ഐറ്റംസ് എന്നും അതൊക്കെ ഇടതടവില്ലാതെ ലഭിച്ചാല്‍ ജീവിതവിജയമായി എന്ന് വിശ്വസിച്ചിരുന്ന കാലഘട്ടത്തില്‍, ടി ഐറ്റംസും രവിച്ചേട്ടന്റെ ടെമ്പോയുടെ പിറകില്‍ നിന്ന് കാറ്റുകൊണ്ടുള്ള പോക്കും, വൈ രാജാ വൈയും, നാടകുത്തും പിന്നെ ഇന്റര്‍വെല്‍ വരെ ചരല്‍ മണ്ണില്‍ ഇരുന്നും പിന്നീട് നിരങ്ങി നിരങ്ങി ചരല്‍ മാറ്റിയ പൂഴിമണ്ണില്‍ കിടന്നും എഞ്ജോയ് ചെയ്ത് കണ്ടിരുന്ന നാടകങ്ങളുമൊക്കെയായിരുന്നു മുഖ്യാകര്‍ഷണങ്ങള്‍.
ഞങ്ങള്‍ വളര്‍ന്ന് പാരഗണ്‍ ചെരുപ്പ് വെളുവെളാ വെളുപ്പിച്ച്, നെറ്റിയില്‍ ചന്ദനക്കുറിയും മധ്യഭാഗത്ത് കുങ്കുമം കൊണ്ടുള്ള ഒരു ചെറിയ ഡോട്ടുമിട്ട്, ബോണ്ട തിന്നാല്‍ പൊട്ടിപ്പോകുന്ന തരം നേര്‍ത്ത സ്വര്‍ണ്ണമാലയുമിട്ട്, ഒരടി വീതിയില്‍ മുണ്ട് വളച്ച് കുത്തി, തലയില്‍ കിളിക്കൂടും വച്ചു മാരക ഗ്ലാമറില്‍ ഷൈന്‍ ചെയ്ത് നടന്ന കാലത്ത് അട്രാക്ഷന്‍ ‘ആലത്തൂരിലെ ചോത്തിക്ടാങ്ങള്‍, ഒളിച്ചും പാത്തും ബീഡിവലി, മനശാസ്ത്രജ്ഞന്റെ മറുപടി, ഷര്‍ട്ടൂരി അമ്പലത്തിനുള്ളിലെ ബോഡിഷോ,’ എന്നിവയൊക്കെയായി മാറി.
ഒരു കൊല്ലം പൂരത്തിന്, ആലത്തൂരെ അട്രാക്ഷന്‍സിനെ പറ്റി കേട്ടറിഞ്ഞ് കുഞ്ഞുവറീത് മകന്‍ ഈച്ചരന്‍ ഷാജുവും ഞങ്ങളുടെ കൂടെ വന്നു.
ഈച്ചരന്‍ ഷാജുവിനെ പറ്റി പറഞ്ഞാല്‍, അന്നും ഇന്നും കരയില്‍ ഇത്രേം അഡ്വഞ്ചറസ് ആയ യുവാവ് വേറെയില്ല. ഇടിവെട്ടില്‍ തലപോയി പാടത്തേക്ക് ചാഞ്ഞ് നിന്ന ചമ്പത്തെങ്ങിലെ പൊത്റ്റില്‍ തത്തമ്മയെ പിടിക്കാന്‍ കയറാന്‍ അന്ന് ഷാജു ഒന്നേയുണ്ടായിരുന്നുള്ളൂ!! ശേഷം, തെങ്ങും തത്തമ്മയും ഷാജുവും കൂടെ ഒരുമിച്ച് ചേറില്‍ കിടന്നത് കണ്ടവരാരും ഷാജുവിനെ മറക്കില്ല! അങ്ങിനെയെത്രയെത്ര കഥകളില്‍ ഹീറോ! ഈച്ചരന്‍ ഷാജു അന്നും എന്നും കൊടകരയിലെ പിള്ളേഴ്സുകള്‍ക്കിടയില്‍ ഒരു വികാരമായിരുന്നു.
അന്നവന്റെ അളിയന്‍ യമനിലാണ്. അവിടെ നിന്ന് കൊണ്ടുവന്ന റോത്ത്മാന്‍സ് റോയത്സ് എന്ന ഒരിനം മുന്തിയ തരം, നീട്ടം കൂടിയ സിഗരറ്റ് അവന്റെ കയ്യിലുണ്ട് എന്ന ഇന്‍ഫോര്‍മേഷനായിരുന്നു, പൂരത്തിന് പോകാന്‍ അവനെ ക്വോളിഫൈ ചെയ്യിച്ചത്.
അമ്പലപ്പറമ്പിന്റെ പിറകിലെ മാവിന്റെ മറയിലായിരുന്നു അന്ന് വലിത്താവളം. റോത്തമാന്‍സ് റോയത്സിന് റെയ്നോള്‍ഡ് പെന്നിന്റെ നീളമാണ്. “സ്ഥിരമായി വലിച്ചാല്‍ ചുണ്ട് മലന്ന് പോകുമോ?” എന്ന് പോലും സംശയം തോന്നിപ്പോകും. ഒരു തീപ്പെട്ടിപടത്തിന്റെ കൂടെ കരുതിയ നാലുകൊള്ളിയും ലക്ഷ്യം കാണാതെ വന്ന് തീയന്വേഷിക്കുമ്പോഴാണ് അടുത്തൊരു പറമ്പില്‍ നേര്‍ത്ത പുക കാണുന്നത്.
‘ഡാ നിന്നെ ഈ ഭാഗത്താരും അറിയാത്തതല്ലേ? നിന്നെ കണ്ടാലും വിഷയല്ല. ഒന്ന് കത്തിച്ചോണ്ട് വാടാ’ എന്ന പൊതു അഭിപ്രായം കണക്കിലെടുത്ത് ഷാജു തന്നെ, സിഗരറ്റ് കത്തിച്ചോണ്ട് വരാന്‍ നിയുക്തനായി.
ഷാജു പോയി ഒരു രണ്ട് മിനിറ്റായിക്കാണും, പോയോടത്തുന്ന് ഭയങ്കര ബഹളം!!
നോക്കുമ്പോള്‍, കുറച്ചപ്പുറത്തായി ...ഷാജു വേലി വട്ടം ചാടി ഓടുന്നു!!!
ഉദ്ദ്വോഗത്തിന്റെ നിമിഷങ്ങള്‍. എന്താ സംഭവിച്ചതെന്ന് ഒരു ക്ലൂവുമില്ല.
“അവന്‍ ഇനി അവിടെ വല്ല കുളിമുറിയിലും ഒളിച്ച് നോക്കിയോ?? വല്ലവരേം വല്ലതും...“ ആകെ ടെന്‍ഷന്‍!
പതുക്കെ പറമ്പിലേക്ക് നോക്കുമ്പോള്‍ വീട്ടുകാര്‍; ചേര പാമ്പിനെ കണ്ട നാടന്‍ കോഴികളെപ്പോലെ തലയും ഉയര്‍ത്തി നില്‍ക്കുന്നു!
“ചെറ്റത്തരം! ഇവന്റൊക്കെ കയ്യും കാലും തല്ലിയൊടിച്ചാ വിടണം. ശവി!”
“ആ... അപ്പോള്‍ പെണ്ണ് കേസു തന്നെ!” ഞങ്ങള്‍ തമ്മില്‍ തലയാട്ടി ഉറപ്പിച്ചു.
സംഗതി എന്താണെന്നൊന്നറിയാന്‍, ഒന്നന്വേഷിച്ചേക്കാം എന്ന ചിന്ത അതോടെ മാറി. ഒളിഞ്ഞ് നോട്ടം അന്വേഷിക്കാന്‍ പോയാല്‍ നമ്മുടെ സമയം നല്ലതാണെങ്കില്‍...ചിലപ്പോള്‍ ഷര്‍ട്ടിന്റെ നിറം സെയിമാണെന്നോ ഒരേ ഉയരമാണേന്നോ മറ്റോ പറഞ്ഞ് നമ്മള്‍ പ്രതിയായിപ്പോകും. അതുകൊണ്ട് ഒന്നുമറിയാത്ത പോലെ നിന്ന് പതുക്ക് തെറിക്കാം എന്ന് കരുതി നില്‍ക്കുമ്പോള്‍ വീട്ടില്‍ നിന്ന് ഒരു അറുപത് വയസ്സ് ലുക്കുള്ള ഒരാള്‍ വേലിക്കരികിലേക്ക് വന്നു.
“ഞങ്ങള്‍ വേറേ ടീം“ എന്ന ഭാവേനെ നിന്ന ഞങ്ങളോട് ആള്‍ പറഞ്ഞു.
“നിങ്ങളറിയുമോ ഇപ്പത്തന്നെ ഈ പറമ്പിലേക്ക് ചാടിയവനെ?“
“ഏയ്.... ഞങ്ങള് കണ്ടില്ല!” എന്ന മറുപടി കേട്ട്, ആള്‍ പറഞ്ഞു:
“വെള്ളമുണ്ടുടുത്ത് ആരാ ഈനേരത്ത് പറമ്പില്‍ കൂടെ നടക്കുന്നേന്ന് ഓര്‍ത്ത് നോക്കുമ്പോള്‍ ഒരു മഹാപാപി എന്റെ അച്ഛനെ ദഹിപ്പിച്ച ചിതയില്‍ നിന്ന് ഒരു കൊള്ളിയെടുത്ത് സിഗരറ്റ് കത്തിക്കുന്നു. ഇത്രക്കും വകതിരിവില്ലാത്തവരുണ്ടോ? വൃത്തികെട്ടവന്‍!”
കേട്ടവശം പുറത്ത് ചാടിപ്പോയ ചിരി ഒരുവിധം അടക്കി “ശോ! ആരായാലും അവനെ വെറുതെ വിടരുത്...“ എന്ന് പറഞ്ഞ് ഞങ്ങള്‍ വേഗം സംഭവസ്ഥലത്തു നിന്ന് സ്കൂട്ടായി.
അപ്പോള്‍, ചവര്‍ കൂട്ടിയിട്ട് കത്തിച്ച പുകയായിരുന്നില്ലത്. തലേന്ന് രാവിലെ മുതല്‍ കത്തി അവസാന സ്റ്റേജിലെത്തിയ ഒരു ചിതയായിരുന്നത്. മഹാപാപി. കൊടും പാപി.
സൌന്ദര്യമത്സരം കാണാനും നാടകത്തിനും നില്‍ക്കാതെ അന്നവിടെ നിന്ന് മുങ്ങിയ ഷാജുവിനോട് പിറ്റേന്ന്; “ചവര്‍ കത്തിക്കണതും ആളെ ദഹിപ്പിക്കണതും കണ്ടാല്‍ തിരിച്ചറിയാനുള്ള പഠിപ്പ് പോലും തികഞ്ഞില്ലേ ഉണ്ണീ നിനക്ക്?” എന്ന ചോദ്യത്തിന് മറുപടിയായി ആ കൊടുംപാപി ഇപ്രകാരം പ്രതിവചിച്ചു,
“ഞാനും വിചാരിച്ചൂട്ടാ.. ഈ ചവര്‍ കത്തിക്കണോടത്ത് എന്തിനാ ഈ അരിയും പൂവും നാളികേരം മുറിയുമൊക്കെ വച്ചേക്കണേ..ന്ന്!“
Posted by
Visala Manaskan
at
10:50 PM
135
comments


